തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തരംതാണ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌ന സുരേഷിനെയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഉദ്ധരിക്കുന്നത്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് വീണ്ടും ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് മറുപടി പറയുന്നില്ല.
സര്‍ക്കാര്‍ സംവിധാനത്തെ അപകടപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ആര്‍എസ്എസുകാരനാണെന്ന് പറഞ്ഞ ഗവര്‍ണര്‍ തന്നെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. പഴയ പ്രസ്‌താവനയെടുത്ത് കേട്ടാല്‍ ഇക്കാര്യം വ്യക്തമാകും. അതുകൊണ്ട് തന്നെ രാജി വയ്ക്കണോയെന്ന് ഗവര്‍ണര്‍ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമന കാര്യങ്ങളിലെ വെല്ലുവിളിയും തമാശയാണ്. രാജ്ഭവനിലേക്കുള്ള നിയമനത്തിന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചിട്ടുണ്ട്. തനിക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചില്ലെങ്കില്‍ നയപ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് വരെ സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ രേഖകളുള്ള കാര്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വിസിമാരെ പാര്‍ട്ടി കേഡര്‍ എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. അത് പാര്‍ട്ടിയെ കുറിച്ചും കേഡര്‍ സംവിധാനത്തെ കുറിച്ചുമുള്ള അറിവില്ലായ്‌മ കൊണ്ടാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.