തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അതിൽ ചാൻസലർ കൂടിയായ ഗവർണർക്കും പിശക് പറ്റിയിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്‌ധർ ഉൾപ്പെട്ടിട്ടില്ലെങ്കിലും ലിസ്റ്റ് യുജിസി മാനദണ്ഡം പാലിച്ചില്ലെങ്കിലും തിരുത്തേണ്ടത് ഗവർണറാണ്. അത്തരമൊരു നടപടി അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടായില്ല. വൈസ് ചാൻസലർമാരെ നിയമിച്ച അതേ നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറാക്കിയത്. അത് നിയമ വിരുദ്ധമെങ്കിൽ ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.
ഗവർണറുടെ ലക്ഷ്യം സംഘപരിവാർ അജണ്ട നടപ്പിലാക്കലാണ്. കാവിവത്‌കരണം ഗവർണറെ കൊണ്ട് നടപ്പാക്കാൻ ശ്രമിച്ചാൽ അത് കേരളത്തിൽ അനുവദിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. രാജ്‌ഭവനിലെ സമരത്തെ പ്രകോപിപ്പിച്ച് അക്രമം ഉണ്ടാക്കാനുള്ള നിലപാടുകളും പ്രസ്‌താവനയും ഗവർണർ നടത്തി. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ആ ഗൂഢശ്രമം നടന്നില്ല. രാജ്‌ഭവനിൽ ജനങ്ങളുടെ പ്രതിഷേധമാണ് അലയടിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.