തിരുവനന്തപുരം : നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ ബാഗേജ് വിട്ടു കിട്ടുന്നതിന് സ്വപ്‌ന സുരേഷ് തന്‍റെ സഹായം തേടിയിരുന്നുവെന്ന് എം.ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. നേരിട്ടും ഫോണ്‍ വഴിയും സ്വപ്‌ന സഹായ അഭ്യര്‍ത്ഥിച്ചതായാണ് ശിവശങ്കര്‍ തുറന്നു പറയുന്നത്. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിലാണ് വിവാദമായ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ശിവശങ്കറിന്‍റെ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള ജയില്‍ അനുഭവങ്ങളും വ്യക്തമാക്കിയാണ് ശിവശങ്കറുടെ പുസ്തകം
" 2020 ജൂണ്‍ 30നാണ് സ്വര്‍ണ്ണം കടത്തിയ ലഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ജൂലൈ ഒന്നിനും രണ്ടിനും ലഗേജ് വിട്ടുകിട്ടാത്തതില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ക്ഷുഭിതരാണെന്നും സഹായിക്കണെന്നും ആവശ്യപ്പെട്ട് സ്വപ്‌ന ഫോണിലൂടേയും വാട്‌സ്‌ആപ്പിലൂടെയും സമീപിച്ചു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന മറുപടിയാണ് നല്‍കിയത്.
തുടര്‍ന്ന് ജൂലൈ നാലിന് സ്വപ്‌നയും ഭര്‍ത്താവും സെക്രട്ടേറിയറ്റിന് സമീപത്തെ ഹെതര്‍ ഹൈറ്റ്‌സിലെ ഫ്‌ളാറ്റിലെത്തി കണ്ടു. സ്വപ്‌നയുടെ സുഹൃത്തായ സരിത്തിന്‍റെ ഡ്യൂട്ടി അടയ്ക്കാത്ത വസ്തുക്കള്‍ ലഗേജില്‍ ഉണ്ടെന്നു മാത്രമാണ് പറഞ്ഞത്. അപ്പോഴും ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
ജൂലൈ അഞ്ചിനാണ് കസ്റ്റംസ് ലഗേജ് തുറന്നതും സ്വര്‍ണ്ണമാണ് കടത്തിയതെന്ന് താനറിഞ്ഞതും. ലഗേജില്‍ സ്വര്‍ണ്ണമെന്ന് അറിഞ്ഞപ്പോള്‍ സ്വപ്‌ന ഒളിവില്‍ പോയിരുന്നു. ഇത് ഞെട്ടിക്കുന്ന വിവരമായി.
സ്വപ്നക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായി. തന്‍റെ പേര് കൂടി ഉള്‍പ്പെടുത്തി നിരന്തരം ആരോപണം ഉയര്‍ന്നപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സ്വര്‍ണ്ണം കടത്തിയ ലഗേജ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പിറ്റേദിവസം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
ഇതുവരെ കസ്റ്റംസ് പോലും ഇത്തരമൊരു സമ്മര്‍ദ്ദത്തെ കുറിച്ച് പറയാതിരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വം ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ആര്‍ക്കു വേണ്ടിയാണ്? ആരാണ് സ്വര്‍ണ്ണം കടത്തി വിട്ടതെന്നും ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഈ വിവിരങ്ങള്‍ പുറത്തു വരുമെന്ന ഭീതിയില്‍ അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കം രാഷ്ട്രീയ നേതാക്കള്‍ നടത്തി. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ പൊതുശ്രദ്ധയും കുറ്റവാളിയെന്ന പരിവേഷവും തന്‍റെ മേല്‍ ചാര്‍ത്താനുള്ള ആസൂത്രണമാണ് നടന്നത്". കുറ്റവാളിയായി തന്നെ ചിത്രീകരിച്ച് ശ്രദ്ധ തിരിച്ചു വിടാനുളള ആരുടേയൊ ഗൂഡാലോചനയായണ് നടപ്പായതെന്നും ശിവശങ്കര്‍ പുസ്‌തകത്തില്‍ പറയുന്നു.
ALSO READ: 'അശ്വത്ഥാമാവ് വെറും ഒരു ആന', എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍