തിരുവനന്തപുരം: മുന്‍പ് എഴുത്തുകാരെ ഭരണാധികാരികള്‍ ഭയപ്പെട്ടിരുന്നെങ്കില്‍ ഇന്ന് എഴുത്തുകാരെ ഭരണാധികാരികള്‍ക്ക് ഭയമില്ലെന്ന് മലയാളത്തിന്‍റെ പ്രിയ നോവലിസ്റ്റ് എം മുകുന്ദന്‍ (M Mukundan about Neo-fascism). നവ ഫാസിസത്തിന്‍റെ വരവ് ഇന്ത്യയിലെ എഴുത്തുകാരെ വല്ലാതെ അലട്ടുകയാണെന്ന് നിയമസഭ പുസ്‌തകോത്സവത്തിന്‍റെ ഭാഗായി സംഘടിപ്പിച്ച എഴുത്തിന്‍റെ വഴികള്‍ എന്ന പ്രഭാഷണ പരമ്പരയില്‍ മുകുന്ദന്‍ പറഞ്ഞു.
നവ ഫാസിസത്തിന്‍റെ വരവിനെതിരെ സംസാരിച്ചതിന്‍റെ പേരില്‍ നാളെ തനിക്ക് ഭീഷണിക്കത്തു വരും. അതിപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്. ഭീഷണിക്കത്തു വരുന്നത് കവറിനുള്ളിലോ ഇന്‍ലാഡ് ലറ്ററിലോ അല്ല. പോസ്റ്റ് കാര്‍ഡിലാണ്. അതായത് എല്ലാവരും ഈ ഭീഷണി അറിയുകയും കാണുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇതു ചെയ്യുന്നത്. തന്നെ കൊല്ലുമെന്നുള്ള ഭീഷണി തുറന്ന പോസ്റ്റ് കാര്‍ഡില്‍ അയയ്ക്കുന്നത് ഭാര്യയും മക്കളും അയല്‍ക്കാരും പോസ്റ്റുമാനുമെല്ലാം ഇതറിയട്ടെ എന്ന ഉദ്ദേശ്യത്തിലാണ്.
ഇത് തന്നില്‍ സൃഷ്‌ടിക്കുന്നത് വല്ലാത്ത അസ്വസ്ഥതയാണ്. ഇത്തരത്തില്‍ എഴുത്തുകാരെ അവഹേളിച്ച് നിശബ്‌ദനാക്കാനാണ് ശ്രമം. ഇന്ന് ഇതു പറഞ്ഞതിന്‍റെ പേരില്‍ നാളെ തനിക്ക് വീണ്ടും പോസ്റ്റ് കാര്‍ഡില്‍ ഭീഷണിക്കത്തു വരും. അടിയന്തരാവസ്ഥക്കാലത്തേതു പോലെ എഴുത്തുകാരെ വെടിവച്ചു കൊല്ലുക, ജയിലിലടയ്ക്കുക എന്നിവയെല്ലാം അവരെ നിശബ്‌ദരാക്കാന്‍ ഇന്നത്തെ ഭരണാധികാരികളും ചെയ്യുന്നുണ്ട്.
ഇതിനു പുറമേ എഴുത്തുകാരെ നിശബ്‌ദരാക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന മറ്റൊരു പ്രതിഭാസം അവാര്‍ഡാണ്. ഈ പ്രവണത ഇന്ന് കേരളത്തിലും എത്തിയിട്ടുണ്ട്. അതു കൊണ്ട് എഴുത്തുകാരന്‍ അവാര്‍ഡുകളെ സൂക്ഷിക്കേണ്ട കാലമാണ്.
അടിയന്തരാവസ്ഥയുടെ ഒരു മിനിപതിപ്പാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു നമ്മള്‍ പറയുന്ന ഈ അവസ്ഥ യഥാര്‍ഥ അടിയന്തരാവസ്ഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. ഭക്ഷണം ഇല്ലെങ്കില്‍ അതില്ലെന്നു പറയാനുള്ള ഒരാളുടെ സ്വാതന്ത്ര്യം ഇന്ന് കുറേശ്ശെ നമ്മുടെ രാജ്യത്ത് ഇല്ലാതാകുന്നു.
ദാരിദ്ര്യത്തെ അനുഭവിച്ചിരുന്ന നമ്മള്‍ ഇന്ന് ദാരിദ്ര്യം അഭിനയിക്കുകയാണ്. വില കൂടിയ ജീന്‍സ് വാങ്ങി അതില്‍ പലയിടത്തും കീറലുകള്‍ ഉണ്ടാക്കുന്നത് ഈ മാനസികാവസ്ഥയുടെ ഭാഗമാണ്. മുന്‍പ് യഥാര്‍ഥ ദാരിദ്ര്യം മൂലമാണ് ഒരാള്‍ കീറിയ വസ്ത്രം ധരിച്ചിരുന്നത്. യഥാര്‍ഥ ദാരിദ്ര്യത്തിന്‍റെ കാലത്ത് നമ്മള്‍ സമ്പത്ത് സ്വപ്‌നം കണ്ടിരുന്നു. ഇന്ന് ഒരു തരം വ്യര്‍ത്ഥ ബോധമാണ് എല്ലാവരിലും.
'എന്‍റെ അനുവാദമില്ലാതെ എന്നിലേക്ക് കടന്നു വന്ന നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'- എം മുകുന്ദന്‍ പറഞ്ഞു. ഇത്തരം നോവലുകള്‍ക്ക് നോവലിസ്റ്റിന്‍റെ ആവശ്യമില്ല. നോവല്‍ തന്നെ സ്വയം രചന നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. അതായത് സ്വയം ഭൂവായ നോവലെന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെ വിളിക്കാം.
പത്തു പന്ത്രണ്ടു വയസുള്ളപ്പോള്‍ എന്‍റെ മനസില്‍ കയറിക്കൂടിയ നോവലാണത്. എന്നാല്‍ ദല്‍ഹി ഗാഥകള്‍ എന്ന നോവലിലെത്തുമ്പോള്‍ അതല്ല സ്ഥിതി. അത് സ്വയം ഭൂവായ നോവലല്ല. നോവലിസ്റ്റ് എഴുതിയ നോവലാണ്. അതിനാല്‍ ആ നോവലിന് ഭാവനയില്ല-മുകുന്ദന്‍ പറഞ്ഞു. ഇത്രയും കാലം നമുക്ക് മനുഷ്യന്‍ ഉണ്ടാക്കുന്ന വിപത്തുകളായിരുന്നു വെല്ലുവിളിയെങ്കില്‍ ഇനി യന്ത്രങ്ങളുണ്ടാക്കുന്ന വെല്ലുവിളിയായിരിക്കും. എഐ കാലത്ത് യന്ത്രസഹായത്തോടെയുള്ള നോവലെഴുത്തിനെ അംഗീകരിക്കാനേ കഴിയുന്നില്ല.
നോവലിന്‍റെ യഥാര്‍ഥ ജൈവ ഘടന ഇത്തരം നോവലുകള്‍ക്ക് ഉണ്ടാകില്ല. ഇത്തരത്തിലുള്ള വലിയ കാര്യങ്ങളെ കുറിച്ചു പറയുമ്പോഴും നമ്മള്‍ ചെറിയ കാര്യങ്ങളെ കുറിച്ചു കൂടി പറയാന്‍ തയ്യാറാകണം. വല്ലപ്പോഴും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കിറങ്ങി തികച്ചും സാധാരണമായ ഭക്ഷണം ലഭിക്കുന്ന കടയില്‍ കയറി പച്ച മാങ്ങയിട്ടു വച്ച ഉണക്കമീന്‍ കറി കൂട്ടി ചോറു കഴിക്കുന്നതുപോലയാണത്.
സല്‍മാന്‍ റുഷ്‌ദി അടുത്തകാലത്തു പറഞ്ഞതു പോലെ വായനക്കാരനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് എഴുത്തുകൊണ്ടുള്ള ഒരേയൊരു പ്രയോജനം. ഇത്രയും കാലത്തെ എഴുത്തിലൂടെ വായനക്കാരനെ കുറച്ചെങ്കിലും ചിന്തിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് തന്‍റെ ചാരിതാര്‍ത്ഥ്യമെന്നും എം. മുകുന്ദന്‍ പറഞ്ഞു.