തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ചുള്ള ധനവകുപ്പിൻ്റെ ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ്. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ധനവകുപ്പിൻ്റെ ഉത്തരവിലുള്ള എതിർപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.
ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെ ബാധിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പഞ്ചായത്തീരാജ് നിയമപ്രകാരം പണം വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇത് ലംഘിക്കുന്നതാണ് ധനവകുപ്പിൻ്റെ നീക്കമെന്നും ഇതിൻ്റെ നിയമസാധുത പരിശോധിക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായും അദ്ദേഹം നിയമസഭയെ അറിയിച്ചു.
ALSO READ: പാർട്ടികളുടെ പേര് പരാമർശിക്കരുതെന്ന് സ്‌പീക്കർ ; തൊട്ടടുത്ത ചോദ്യം തന്നെ പാളി
തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവ് ഇറക്കിയത് തദ്ദേശ വകുപ്പുമായി ചർച്ച ചെയ്യാതെയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലും നിയമസഭയെ രേഖാമൂലം അറിയിച്ചു. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ല നടപടി. ട്രഷറിയിലെ ധനകാര്യ മാനേജ്മെൻ്റിൻ്റെ ഭാഗമാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കാനല്ല ഇതെന്നും ധനമന്ത്രി വ്യക്തമാക്കി.
രണ്ട് പ്രധാന വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലൂടെ വ്യക്തമാകുന്നത്. ധനവകുപ്പിന്‍റെ ഉത്തരവിനെതിരെ നേരത്തേതന്നെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സ്വതന്ത്ര ഭരണത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് ഉത്തരവെന്നാണ് വിമർശനം. ഇത്തരമൊരു നിർണായക തീരുമാനം ഏകോപനമില്ലാതെയാണ് സർക്കാർ തലത്തിൽ ഉണ്ടായതെന്ന് ഇതോടെ വ്യക്തമായി.