തിരുവനന്തപുരം : ദുരന്തങ്ങൾ ഒന്നൊഴിയാതെ വരുമ്പോൾ ജീവിക്കാനുള്ള ആഗ്രഹം പോലും ചിലപ്പോൾ നഷ്‌ടമാകും. ഒരു പക്ഷേ സഹായവുമായി ആരെങ്കിലും എത്തിയാല്‍ ദുരിതങ്ങളുടെ നൂല്‍പ്പാലം കടക്കാൻ ഈ നാല് ജീവനുകൾക്കാകും.
ജീവിതത്തില്‍ അടിക്കടിയുണ്ടായ ദുരന്തങ്ങളാണ് നെടുമങ്ങാട് മൂന്നാംമൂഴിയില്‍ ശശിയുടെ കുടുംബത്തെ പട്ടിണിയുടെ വക്കിലെത്തിച്ചത്. രോഗവും ശസ്ത്രക്രിയയും മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശശിയുടെ ഒരു കാലിന്‍റെ ശേഷി നഷ്ടമായിരുന്നു. പക്ഷേ സര്‍ക്കാര്‍ സഹായത്തില്‍ ലഭിച്ച ഒരു പെട്ടിക്കടയും ഇരുചക്രവാഹനത്തില്‍ ലോട്ടറി വില്‍പ്പനയുമൊക്കെയായി ജീവിതം മുന്നോട്ടുനീക്കി.
Also Read: കിടപ്പുരോഗികള്‍ക്ക് ഭക്ഷ്യകിറ്റും മാസ്കും വീട്ടിലെത്തിച്ച് നെടുമങ്ങാട് പൊലീസ്
ആറ് മാസം മുമ്പ് നടന്ന ഒരു അപകടം ശശിയുടെ ജീവിതത്തെ വീണ്ടും ഇരുട്ടിലാക്കി. അപകടത്തില്‍, സ്വാധീനമുണ്ടായിരുന്ന കാല്‍ മുറിച്ച് മാറ്റേണ്ടിവന്നു. ഇതോടെ നിവര്‍ന്നിരിക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയിലായി. ഏക വരുമാനം നിലച്ചതോടെ കുടുംബം പട്ടിണിയിലായി. വാഹനം ഓടിച്ച് അപകടമുണ്ടാക്കിയവർ തിരിഞ്ഞു നോക്കിയില്ല.
ഭക്ഷണത്തിനും മരുന്നിനും പണം വേണം. കൃത്രിമ കാല്‍ ലഭിച്ചാല്‍ എങ്ങനെയും കുടുംബം പോറ്റാമെന്നാണ് ശശി പറയുന്നത്. കൃത്രിമകാല്‍ വയ്ക്കാനും തുടര്‍ പരിശീലനത്തിനുമായി ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. കുടുംബത്തെ സഹായിക്കാന്‍ നാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൗജന്യമായി കൃത്രിമ കാല്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണിവര്‍. അപ്പോഴും തുടര്‍ ചികിത്സയും മുന്നോട്ടുള്ള ജീവിതവും എങ്ങനെയെന്ന ചോദ്യം ശേഷിക്കുകയാണ്.
Also Read: നെടുമങ്ങാട് വീടിൻ്റെ ചുമർ ഇടിഞ്ഞു ; ഒരാള്‍ക്ക് പരിക്ക്