തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കും എതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍ കേസ് ഏപ്രില്‍ 12ന് ലോകായുക്ത പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അംഗങ്ങളായ രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്‌ത വിധിയുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങുന്നതാണ് ഫുള്‍ ബെഞ്ച്.
മന്ത്രിസഭ തീരുമാനത്തില്‍ ഇടപെടാന്‍ ലോകായുക്തയ്ക്ക് കഴിയുമോ എന്നതിലാണ് ഭിന്നാഭിപ്രായമുണ്ടായിരിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം ലോകായുക്തയില്‍ നിന്നുണ്ടായത്. കേസില്‍ ലോകായുക്ത വിധി പറയാത്തതിനെതിരെ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മാര്‍ച്ച് 31ന് കേസ് ലോകായുക്ത വീണ്ടും കേസ് ഫുൾ ബെഞ്ചിന് വിടാൻ തീരുമാനിച്ചതും. 2018 സെപ്‌റ്റംബറിലാണ് ലോകായുക്തയ്ക്ക് മുന്നില്‍ ഇത്തരമൊരു പരാതിയെത്തിയത്. 2022 മാര്‍ച്ച് 18ന് കേസില്‍ വാദം പൂര്‍ത്തിയാകുകയും ചെയ്‌തു. ഈ സമയത്തൊന്നും ഉന്നയിക്കാത്ത നിയമ പ്രശ്‌നമാണ് വിധി പറയേണ്ട ദിവസം ലോകായുക്ത ഉന്നയിച്ചത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ കാലത്ത് അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായ കെ.കെ രാമചന്ദ്രന്‍റെയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെയും കോടിയേരി ബാലകൃഷ്‌ണന്‍റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ചതിനെതിരെയാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്.
also read: ഇരവികുളം ദേശീയോദ്യാനം വീണ്ടും സജീവം; മധ്യവേനലവധിയില്‍ കണ്ണുംനട്ട് മൂന്നാറിൻ്റെ വിനോദസഞ്ചാര മേഖല
മുഖ്യമന്ത്രിയ്ക്കും അന്നത്തെ മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാര്‍ക്കും എതിരെയാണ് ഹര്‍ജി നല്‍കിയത്. അന്ന് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയൊഴികെ മറ്റാരും ഇപ്പോള്‍ മന്ത്രിമാരല്ല. അതിനാല്‍ കേസ് മുഖ്യമന്ത്രിക്ക് നിര്‍ണായകമാണ്. എതിരായ പരാമര്‍ശമുണ്ടായാല്‍ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ട സാഹചര്യം വരും.
ഇത് മുന്നില്‍ കണ്ടാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്‌ത ബില്‍ നിയമസഭയില്‍ തിരക്കിട്ട് പാസാക്കിയത്. ലോകായുക്ത വിധി നിയമസഭയ്ക്ക് തള്ളാന്‍ അധികാരം നല്‍കുന്നതായിരുന്നു പുതിയ ഭേദഗതി. എന്നാല്‍ ഈ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ഇതുവരെ നിയമമായിട്ടില്ല.
ലോകായുക്തയുടെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ലോകായുക്തയെ ഭീഷണിപ്പെടുത്തിയാണ് ഇത്തരമൊരു വിധി മുഖ്യമന്ത്രി സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ടത് സംസ്ഥാന സര്‍ക്കാറിന് ഏറെ ആശ്വാസം പകരുന്നതാണെന്നും പ്രതിപക്ഷത്ത് നിന്നുള്‍പ്പെടെ ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ തങ്ങള്‍ പ്രത്യേക അഭിപ്രായങ്ങളോ വിശദീകരണങ്ങളോ നല്‍കേണ്ടതിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാറിന്‍റെയും ഇടതുമുന്നണി നേതാക്കളുടെയും വാദം.