തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കത്ത് പുറത്തുവിട്ട മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോക കേരളസഭക്ക് ആശംസയറിയിച്ച രാഹുലിന്‍റെ കത്ത് മുഖ്യമന്ത്രി ചൂഷണം ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും മുഖ്യമന്ത്രിയുടെ കത്തിന് മറുപടി നല്‍കിയത് രാഹുല്‍ ഗാന്ധിയുടെ മാന്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി കത്ത് പ്രസിദ്ധപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. തന്‍റെ രാഷ്‌ട്രീയ താല്‍പര്യത്തിന് വേണ്ടി രാഹുലിന്‍റെ കത്ത് മുഖ്യമന്ത്രി ആയുധമാക്കുകയായിരുന്നു. ലോക കേരളസഭയെ കുറിച്ച് പ്രതിപക്ഷത്തിന്‍റെ നിലപാട് രാഹുലിനെ അറിയിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 12നായിരുന്നു രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ലോക കേരള സഭ പ്രവാസികളുമായി സംവദിക്കാനുള്ള ഏറ്റവും മികച്ച വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന്‍റെ കത്ത് ട്വിറ്ററില്‍ പങ്കുവെച്ച മുഖ്യമന്ത്രി അഭിനന്ദനത്തിന് നന്ദിയും അറിയിച്ചിരുന്നു.
അതേസമയം ലോക കേരളസഭക്കെതിരെ ആദ്യഘട്ടം മുതല്‍ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ആന്തൂരിലെ പ്രവാസി സാജന്റെ മരണത്തെ തുടര്‍ന്ന് ലോക കേരളസഭ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള യുഡിഎഫ് അംഗങ്ങള്‍ ലോക കേരളസഭയില്‍ നിന്നും വിട്ടുനിന്നിരുന്നു.