തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്‍റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. ലോക കേരള സഭ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. ചെന്നൈയിലുള്ള ഫൈസറിന്‍റെ ഗവേഷണ കേന്ദ്രത്തിന്‍റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.
പ്രീ ക്ലിനിക്കൽ ഗവേഷക രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോ ഇൻഫോമാറ്റിക്‌സ്, ബയോടെക്നോളജി, അപ്ലൈഡ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ മേഖലകളില്‍ ഉള്ള കേരളത്തിന്‍റെ ഗവേഷണ സമ്പത്ത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും സംഘം യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. ഫൈസറിന്‍റെ ഭാഗത്ത് നിന്ന് സീനിയർ വൈസ് പ്രസിഡന്‍റുമാരായ ഡോ. രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ആരോഗ്യ രംഗത്ത് കേരളം സ്വന്തമാക്കിയ നേട്ടങ്ങളെ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്‌ഘാടനം നിര്‍വഹിച്ച ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള താത്‌പര്യവും ഫൈസര്‍ പ്രതിനിധികള്‍ പങ്കുവച്ചു. വരുന്ന സെപ്‌റ്റംബറില്‍ ഫൈസറിന്‍റെ ഉന്നത ഉദ്യോഗസ്ഥ സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ചീഫ് സെക്രട്ടറി വിപി ജോയി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഡോ ജോൺ ബ്രിട്ടാസ് എംപി, ഐടി സെക്രട്ടറി ഡോ രത്തൻ യു ഖേൽക്കർ, സ്നേഹിൽ കുമാർ സിങ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരാണ് യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തത്.
ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ എത്തിയത്. അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേഖല സമ്മേളനത്തിലെ സൗഹൃദ സമ്മേളനം ഇന്നാണ് നടക്കുക. ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളിലായാണ് സമ്മേളനം.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി സംഗമം 11ന് അമേരിക്കൻ സമയം വൈകിട്ട് 6 മണി മുതൽ 7:30 വരെയാണ് നടക്കുക. പ്രവാസി സംഗമത്തിൽ സ്‌പീക്കർ എഎൻ ഷംസീർ പരിപാടിയുടെ ഡയമണ്ട് സ്പോൺസറും ഫൊക്കാന പ്രസിഡന്‍റുമായ ഡോ. ബാബു സ്റ്റീഫൻ, നോർക്ക റൂട്ട്സ് ഡയറക്‌ടറും മേഖല സമ്മേളനത്തിന്‍റെ ചീഫ് കോഡിനേറ്ററും ആയ ഡോ. അനിരുദ്ധൻ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിലെ ചർച്ച വിഷയങ്ങൾ: അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ-വിപുലീകരണ സാധ്യതകളും വെല്ലുവിളികളും, നവ കേരളം എങ്ങോട്ട് - അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും, മലയാള ഭാഷ-സംസ്‌കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്‌കാരിക പ്രചരണ സാധ്യതകളും, മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും എന്നിവയാണ് സമ്മേളനത്തിലെ ചര്‍ച്ച വിഷയങ്ങള്‍
Also Read : 'വികസനങ്ങളെയല്ല സർക്കാരിന്‍റെ കൊള്ളയേയും അഴിമതിയേയുമാണ് എതിർക്കുന്നത്'; വിഡി സതീശൻ