തിരുവനന്തപുരം : ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി കണ്ണില്‍ ചോരയില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും എന്ത് കിട്ടുന്നു എന്ന് നോക്കാതെ പണി എടുക്കുന്നവരാണ് പ്രവാസികള്‍. അവര്‍ നാടിന്‍റെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ബഹിഷ്‌കരിക്കാന്‍ വേറെ എന്തെല്ലാം വിഷയം കിടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ലോക കേരളസഭയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞത്. പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി അപഹാസ്യമാണ്. 62 രാഷ്ട്രങ്ങളില്‍ നിന്നും 22 സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ പ്രകടിപ്പിച്ച ഐക്യവും മനപ്പൊരുത്തവും മനസിലാക്കപ്പെടാതെ പോകുന്നു.
ALSO READ| ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍ ; വിവാദമായതോടെ പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്
എന്നാല്‍, നിങ്ങളെ മനസിലാക്കുന്ന സര്‍ക്കാരുണ്ട്. അതില്‍ മറക്കാവുന്നതേയുള്ളൂ ഒറ്റപ്പെട്ട ബഹിഷ്‌കരണത്തിന്‍റെ സ്വരമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന മൂന്നാം ലോക കേരള സഭ സമാപിച്ചു. പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. പ്രവാസികള്‍ അവതരിപ്പിച്ച 11 പ്രമേയങ്ങളും സഭ ഐകകണ്ഠേന അംഗീകരിച്ചു. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ സര്‍വേ നടത്തുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.