തിരുവനന്തപുരം: ഏപ്രില്‍ 14നു ശേഷം രാജ്യത്ത് വീണ്ടും ലോക്‌ഡൗണ്‍ തുടർന്നാൽ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡ് 19 എന്ന വിപത്തിനെ കേരളത്തിനു മാത്രമായി നേരിടാനാകില്ലെന്നും ലോകരാജ്യങ്ങള്‍ ഒന്നിച്ചു പൊരുതുമ്പോള്‍ കേരളത്തിനു മാത്രമായി മാറിനില്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ചില പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളത് അല്ലെന്നറിയാമായിട്ടും അതിനോട് സഹകരിക്കുന്നത് കൊവിഡിനെതിരായി ഒരു പൊതു ബോധം സൃഷ്‌ടിക്കുന്നതിനാണെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കടകംപള്ളി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. കൂടാതെ പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയോടും സഹമന്ത്രിയോടും നിരന്തരമായി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം സാലറി ചലഞ്ചില്‍ മാസവരുമാനക്കാരായവരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള എല്ലാവരും പങ്കെടുക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. സഹകരണ ബാങ്കുകള്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിൻ്റെ ഭാഗമായി പിഴ പലിശ ഉണ്ടാകില്ല. എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ പലിശ ഇളവ് നല്‍കുന്നതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും റിസര്‍വ് ബാങ്ക് എടുക്കുന്ന തീരുമാനത്തിന് അനുകൂലമായി സഹകരണ സംഘങ്ങള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.