തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ലോക്ക്‌ഡൗണ്‍ തുടരും. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ സംബന്ധിക്കുന്ന കാര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.
രോഗപകര്‍ച്ച കൂടുതലായുള്ള ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ഈ പ്രദേശങ്ങളുടെ സമീപ പഞ്ചായത്തുകളിലേക്കും രോഗം പകരുന്നുണ്ട്. പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ് തുടങ്ങി പ്രദേശത്തെ സമീപ പ്രദേശങ്ങളിലാണ് ഇത്തരമൊരു ആശങ്കയുള്ളത്. ഈ പ്രദേശങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ലാര്‍ജ് ക്ലസ്റ്ററുകളില്‍ മാത്രം 1,428 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതില്‍ 35 പേരുടെ ഫലം പോസിറ്റീവായിട്ടുണ്ട്. പാറശാല, പൊഴിയൂര്‍ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് ക്ലസ്റ്ററുകളാകാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.
ചെങ്കല്‍ചൂള ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 53 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. നേരത്തെയും ഇവിടെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരുടെ പരിശോധന ഇന്നും തുടരും. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഒരു പൊലീസ് ട്രെയിനിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പുലയനാര്‍കോട്ടയിലെ നെഞ്ച് രോഗ ആശുപത്രിയിലെ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും പരിശോധനയ്‌ക്ക് വിധേയരാക്കും.
രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവുണ്ടായെങ്കിലും സമ്പര്‍ക്കത്തിലൂടയുള്ള രോഗ വ്യാപനം ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 161 പേര്‍ക്കാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 136 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. 15 പേരുടെ ഉറവിടവും വ്യക്തമല്ല. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി നിയന്തരണങ്ങളോടെ നഗരം തുറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.