തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. രാവിലെ 8 മണി മുതൽ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ഏജന്‍റ് പുറമേ ഓരോ കൗണ്ടിംഗ് ഏജന്‍റുമാരെകൂടി ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ഓരോ ഗ്രാമപഞ്ചായത്തിനും ഓരോ കൗണ്ടിംഗ് ഏജന്‍റുമാരെ ഇതിനായി ചുമതലപ്പെടുത്താം.
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണൽ വിവരം തൽസമയം ട്രെൻഡ് വെബ്സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് കാണാനാകും. ഉച്ചയോടുകൂടി ഫലപ്രഖ്യാപനം പൂർത്തിയാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ന് നടക്കും. അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് തീരുമാനിക്കുമെന്നും കമ്മീഷൻ പറഞ്ഞു.