തിരുവനന്തപുരം: അടിസ്ഥാന വികസന പ്രശ്‌നങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ തമ്പാനൂരിൽ തെരഞ്ഞെടുപ്പു പോരാട്ടം കനത്തു. കഴിഞ്ഞ തവണ പിടിച്ചെടുത്ത വാർഡ് നിലനിർത്താനുള്ള കടുത്ത ശ്രമത്തിലാണ് എൽഡിഎഫ്. വിമത ശല്യമുണ്ടെങ്കിലും വാർഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ ഇത്തവണ തമ്പാനൂരിൽ വിജയം നേടാമെന്ന പ്രതീക്ഷയാണ് എൻഡിഎ പങ്കുവെക്കുന്നത്.
ആയിരത്തിലേറെ കുടുംബങ്ങൾ താമസിക്കുന്ന രാജാജി നഗർ കോളനിയിലെ വോട്ടുബാങ്കിലാണ് മൂന്നു മുന്നണികളുടെയും കണ്ണ്. സെക്രട്ടേറിയറ്റും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് ടെർമിനലും സ്ഥിതിചെയ്യുന്ന വാർഡിൽ വെള്ളപ്പൊക്കവും മാലിന്യവുമാണ് പ്രധാന പ്രശ്‌നങ്ങൾ. കാലങ്ങളായുള്ള തെരഞ്ഞെടുപ്പ് വാഗ്‌ദാനവും ഇതുതന്നെയാണ്. ആമയിഴഞ്ചാൻ തോടും മാലിന്യവും വെള്ളപ്പൊക്കവും പ്രദേശത്തെ വ്യാപാരികളുടെ നിലപാടും വിധിനിർണയത്തിൽ നിർണായകമാകും.