തിരുവനന്തപുരം: മൃഗചികിത്സ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന 'ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ' പദ്ധതിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫും കോൾ സെന്‍റർ സംവിധാനത്തിന്‍റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 3 മണിക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാലയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേർന്ന് നിർവഹിക്കും. കാര്യവട്ടം ട്രാവൻകൂർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിലാണ് ചടങ്ങ്.
കന്നുകാലികൾ, പോൾട്രി മുതലായവയ്‌ക്ക് കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയും കൃത്രിമ ബീജദാനം നൽകുന്നതിന് 50 രൂപ അധികവും നൽകണം. വളർത്തുമൃഗങ്ങളെ ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950 രൂപയാണ് ചാർജ്. പദ്ധതിക്കായി സംസ്ഥാനത്തിന് 29 മൊബൈൽ യൂണിറ്റുകള്‍ അനുവദിച്ചു.
കേന്ദ്ര സർക്കാർ ഇതിനായി 4.64 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണ് വാഹനങ്ങൾ അനുവദിച്ചത്. ഇടുക്കി ഒഴുകെയുള്ള ജില്ലകളിൽ 2 ബ്ലോക്കുകൾ വീതവും ഇടുക്കിയിൽ 3 ബ്ലോക്കുകളിലേക്കുമാണ് വാഹനങ്ങൾ നൽകുക.
മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ തുടർ നടത്തിപ്പ് ചെലവിന്‍റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുക. ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്‌ടർ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്‍റ് എന്നിങ്ങനെ മൂന്ന് പേരുടെ സേവനും ഉണ്ടാകും. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, പാറശാല ബ്ലോക്കുകളിലാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ അനുവദിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഉച്ചയ്ക്ക് 1 മണി മുതൽ 8 മണി വരെയാണ് വാതിൽപ്പടി സേവനം ലഭ്യമാകുന്നത്. മൊബൈൽ യൂണിറ്റുകൾ കേന്ദ്രീകൃത കോൾ സെന്‍റർ സംവിധാനത്തിലൂടെ നിയന്ത്രിക്കും. പൊതുജനങ്ങൾക്ക് 1962 എന്ന ടോൾ ഫ്രീ നമ്പറിലൂടെ കോൾ സെന്‍ററുമായി ബന്ധപ്പെടാം.