തിരുവനന്തപുരം: മദ്യ വില്‍പ്പന ഉടന്‍ ആരംഭിക്കേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി . മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എക്‌സൈസ് കമ്മീഷ്‌ണര്‍ ആനന്ദകൃഷ്ണനും മുഖ്യമന്ത്രിയുമായി കൂടികാഴ്‌ച നടത്തിയിരുന്നു. മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ഇപ്പോള്‍ തുറക്കുന്നത് വന്‍ ജനത്തിരക്കിന് കാരണമാകുമെന്നും ഇത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന സംസ്ഥാനങ്ങളില്‍ ഇത്തരം തിരക്കുകള്‍ ഒരു ക്രമസമാധാന പ്രശ്‌നമായി മാറിയിട്ടുണ്ട്. കേരളത്തിലും സമാന സാഹചര്യം ഉണ്ടാകാന്‍ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് താല്‍ക്കാലികമായി വില്‍പ്പന പുനരാംഭിക്കേണ്ടെന്ന് തീരുമാനമെടുത്തത്.
വരുമാന നഷ്ടമുണ്ടാകുമെങ്കിലും രാഷ്ട്രീയമായ വിമര്‍ശനങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി സര്‍ക്കാറിന്‍റെ ഈ തീരുമാനത്തിലുണ്ട്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ മേന്‍മ ഇല്ലാതാക്കുന്ന തരത്തില്‍ ഒരു പ്രചരണവും വേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ലോക്‌ഡൗണിന്‍റെ മൂന്നാംഘട്ടത്തില്‍ മദ്യ വില്‍പ്പനയാകാമെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഈ ഇളവ് തല്‍ക്കാലം വേണ്ട എന്നാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.