തിരുവനന്തപുരം: സംസ്ഥാനത്ത് ചില്ലറ മദ്യ വില്‍പന ഇന്ന് പുനഃരാരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബാര്‍, ബീയര്‍ വൈന്‍ പാര്‍ലറുകള്‍ വഴിയാണ് വില്‍പന. ഒരു സമയം ക്യൂവില്‍ അഞ്ച് പേരെ മാത്രമേ അനുവദിക്കൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മദ്യ വിതരണം. ബെവ്‌കോ ഔട്ട് ലെറ്റിലെ അതേ വിലക്ക് തന്നെ ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴി മദ്യം ലഭിക്കും.
മദ്യ വില്‍പനക്കായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലൂടെ ബുക്കിങ് തുടരുകയാണ്. എസ്.എം.എസ് വഴിയും ബുക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ടോക്കണ്‍ ഉള്ള ആളുകള്‍ക്കു മാത്രമേ മദ്യം ലഭിക്കുകയുള്ളൂ. ഒരിക്കല്‍ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് നാലാം ദിവസം മാത്രമേ വീണ്ടും മദ്യം ബുക്ക് ചെയ്യാന്‍ കഴിയൂ. ടോക്കണ്‍ ഇല്ലാതെ മദ്യശാലകള്‍ക്ക് മുമ്പിലെത്തരുതെന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് മദ്യ വിതരണം നടത്തുന്നതിനാണ് വെര്‍ച്ച്വല്‍ ക്യൂ സമ്പ്രദായം ആരംഭിച്ചത്. ഇതിനായി കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന കമ്പനിയാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ഒരു ടോക്കണ് 50 പൈസ ബെവ്‌കോക്ക് ലഭിക്കും. മദ്യം വില്‍ക്കുന്നതിന് ബാറുകള്‍ക്ക് 20 ശതമാനം കമ്മിഷന്‍ ലഭിക്കും. ബാറുകളില്‍ മദ്യം ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വെര്‍ച്ച്വല്‍ക്യൂ സമ്പ്രദായവും മദ്യ വിതരണ ആപ്പും താത്കാലികമാണെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.