തിരുവനന്തപുരം : മൃഗശാലയില്‍ ആണ്‍സിംഹം ചത്തു. അസുഖം ബാധിച്ച് അവശനിലയിലായിരുന്ന സിംഹമാണ് ചത്തത് (Lion Died in Thiruvananthapuram Zoo). 19 വയസായിരുന്നു. ഇതോടെ മൃഗശാലയിലെ സിംഹങ്ങളുടെ എണ്ണം മൂന്നായി കുറഞ്ഞു.
ജൂണ്‍ 15-നായിരുന്നു അവസാനമായി മൃഗശാലയിലേക്ക് പുതിയ സിംഹങ്ങള്‍ എത്തിയത്. നാലും അഞ്ചും വയസുള്ള രണ്ട് സിംഹങ്ങളെയായിരുന്നു പുതുതായി എത്തിച്ചത്. ജൂൺ 29-നാണ് തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച സിംഹങ്ങളായ നൈലയെയും ലിയോയെയും ഒരുമിച്ച് ഒരു കൂട്ടിലേക്ക് മാറ്റിയത്.
തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നെത്തിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെ ജൂൺ 15നാണ് മന്ത്രി ജെ ചിഞ്ചു റാണി സന്ദർശക കൂട്ടിലേക്ക് മാറ്റിയിരുന്നത്. മന്ത്രി തന്നെയാണ് സിംഹങ്ങൾക്ക് നൈല, ലിയോ എന്നീ പേരുകൾ നൽകിയതും.
കടുവകളുടെ കൂടിന് സമീപത്തെ വലിയ കൂട്ടിൽ കമ്പി വല കൊണ്ട് മറച്ച് ഇരുവരെയും പ്രത്യേകമായാണ് പാർപ്പിച്ചിരുന്നത്. സമീപത്തെ കൂടുകളിലാണ് പാർപ്പിച്ചതെങ്കിലും നേർക്കുനേർ കണ്ടാൽ നൈലയും ലിയോയും ശൗര്യത്തോടെ പാഞ്ഞടുക്കുമായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഹങ്ങളെ ഒരുമിച്ചാക്കിയിരുന്നത്. ഒരു കൂട്ടിൽ കഴിയുന്ന സിംഹങ്ങൾ തമ്മിൽ ആക്രമണം ഉണ്ടായാൽ ഇവയെ മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മുൻകൂട്ടി തയാറാക്കിയ ശേഷമായിരുന്നു നടപടി. സിംഹങ്ങളുടെ പരസ്‌പരമുള്ള പെരുമാറ്റമടക്കം ദൃശ്യങ്ങൾ പകർത്തിയിരുന്നു.
നാല് മാസത്തിനിടെ ചത്തത് എട്ട് ചീറ്റകള്‍ : മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നാല് മാസത്തിനിടെ ചത്തത് എട്ട് ചീറ്റകളാണ്. ദക്ഷിണാഫ്രിക്കന്‍ ചീറ്റയായ സൂരജിനെയാണ് അവസാനമായി ചത്ത നിലയില്‍ കണ്ടെത്തിയത്.
പാര്‍ക്കിലെ തേജസ് എന്ന് പേരുള്ള ആണ്‍ ചീറ്റ ചത്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സൂരജ് എന്ന ചീറ്റയെ പാര്‍ക്കിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിലെ പെണ്‍ ചീറ്റയുമായി ഏറ്റുമുട്ടിയതിന് പിന്നാലെയുണ്ടായ ട്രോമാറ്റിക് ഷോക്കാണ് തേജസിന്‍റെ മരണത്തിന് കാരണമായത്. പെണ്‍ ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലില്‍ തേജസിന്‍റെ കഴുത്തിന് പിന്നില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
ALSO READ : Male cheetah died| കുനോ പാര്‍ക്കില്‍ ഒരു ആണ്‍ ചീറ്റ കൂടി ചത്തു; 4 മാസത്തിനിടെ ചത്തത് 8 ചീറ്റകള്‍
ചീറ്റക്കുട്ടികളും ചത്തു : കഴിഞ്ഞ മെയ് 25ന് രണ്ട് ചീറ്റക്കുട്ടികളും ചത്തിരുന്നു. കടുത്ത വേനല്‍ ചൂടും നിര്‍ജലീകരണവുമാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഏപ്രില്‍ 23ന് ഉദയ് എന്ന പേരുള്ള ആണ്‍ ചീറ്റയേയും ചത്ത നിലയില്‍ കണ്ടെത്തി. ഹൃദയ സംബന്ധമായ രോഗമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.