തിരുവനന്തപുരം : തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കെത്തിച്ച സിംഹങ്ങളെ സന്ദര്‍ശക കൂട്ടിലേക്ക് മാറ്റി. ഇന്ന് (ജൂണ്‍ 15) രാവിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിലാണ് സിംഹങ്ങളെ സന്ദർശക കൂട്ടിലേക്ക് തുറന്നുവിട്ടത്. സിംഹങ്ങള്‍ക്ക് മന്ത്രി പേരിടുകയും ചെയ്‌തു.
അഞ്ച് വയസ് പ്രായമുള്ള പെൺ സിംഹത്തിന് നൈല എന്നും ആറ് വയസ് പ്രായമുള്ള ആൺ സിംഹത്തിന് ലിയോ എന്നുമാണ് പേരിട്ടിരിക്കുന്നത്. അതേസമയം ചൊവ്വാഴ്‌ച മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിന്‍റെ ഇണയെ സന്ദർശക കൂട്ടിലേക്ക് മാറ്റിയിട്ടില്ല. കുറച്ച് ദിവസം കൂടി നിരീക്ഷിച്ച ശേഷമാകും ഹനുമാൻ കുരങ്ങിനെ സന്ദർശക കൂട്ടിലേക്ക് മാറ്റുക.
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടാന്‍ മയക്കുവെടി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും അതിനെ ശല്യം ചെയ്യാതിരുന്നാല്‍ അത് തനിയെ കൂട്ടിലെത്തിയേക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അടച്ചിടാൻ പാടില്ലാത്ത മൃഗമായിരുന്നു ഹനുമാന്‍ കുരങ്ങ്. ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടിട്ട് രണ്ട് ദിവസമായി.
ഹനുമാന്‍ കുരങ്ങ് ഇപ്പോഴും മരത്തില്‍ തന്നെ: കാട്ടുപോത്തിന്‍റെ കൂടിന് സമീപമുള്ള മരത്തിന് മുകളില്‍ തന്നെയാണ് ഇന്നും കുരങ്ങ് ഉള്ളത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ കുരങ്ങ് മരത്തിന് മുകളിൽ നിന്ന് താഴേക്ക് വന്നതായി ജീവനക്കാർ പറഞ്ഞു. എന്നാല്‍ ബഹളം കേട്ടതോടെ വീണ്ടും മുകളിലേക്ക് തന്നെ പോവുകയായിരുന്നു. മരത്തിന് താഴെ ഇഷ്‌ട ഭക്ഷണവും വെള്ളവുമെല്ലാം ജീവനക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.
കുരങ്ങിനെ ശല്യം ചെയ്യാതെയും പ്രകോപിപ്പിക്കാതെയും തിരികെ കൂട്ടില്‍ കയറ്റാനുള്ള നീക്കത്തിലാണ് ജീവനക്കാർ. വളരെ സെൻസിറ്റീവായ മൃഗമാണ് ഹനുമാൻ കുരങ്ങുകൾ. ബഹളം കേട്ട് ഭയന്ന് കുരങ്ങ് മൃഗശാല പരിസരം വിട്ട് പോകാനുള്ള സാധ്യതയുമുണ്ട്.
കുരങ്ങിന്‍റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ പ്രത്യേകം ജീവനക്കാരെയും ഉന്നത ഉദ്യോഗസ്ഥർ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച (ജൂണ്‍ 13) വൈകിട്ട് നാല് മണിയോടെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. സന്ദര്‍ശക കൂട്ടിലേക്ക് മാറ്റുന്നതിന് മുമ്പ് നടത്തിയ ട്രയല്‍ റണ്ണിലാണ് കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്തേക്ക് ചാടിയത്.
3-4 വയസ് പ്രായമുള്ള പെൺ ഹനുമാൻ കുരങ്ങാണ് ഇത്. പെണ്‍ ഹനുമാന്‍ കുരങ്ങ് ഇണയെ വിട്ട് പോകില്ലെന്നത് കൊണ്ടാണ്, ഇണയെ കൂട്ടില്‍ നിന്ന് പുറത്തിറക്കാതെ പരീക്ഷണം നടത്തിയത്. കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട ഹനുമാന്‍ കുരങ്ങിനായി ചൊവ്വാഴ്‌ച രാത്രിയും ജീവനക്കാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
നന്ദന്‍കോട് ഭാഗത്ത് കുരങ്ങിന്‍റെ സാന്നിധ്യമുണ്ടായെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ബൈനോക്കുലര്‍ അടക്കം ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് കുരങ്ങിനെ മൃഗശാലയിലെ മരത്തിന് മുകളില്‍ കണ്ടെത്തിയത്.
വിദേശത്ത് നിന്ന് മൃഗങ്ങളെയെത്തിക്കും: സന്ദര്‍ശകര്‍ ഏറെയെത്തുന്ന തിരുവനന്തപുരം മൃഗശാലയില്‍ നിരവധി മൃഗങ്ങളുടെ കുറവുണ്ട്. അത് പരിഹരിക്കാന്‍ വിദേശത്തുനിന്നും മൃഗങ്ങളെ മൃഗശാലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വിദേശത്തുനിന്ന് കൂടി അതിഥികള്‍ എത്തുന്നതോടെ മൃഗശാലയില്‍ വീണ്ടും ആള്‍തിരക്കേറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.