തിരുവനന്തപുരം : മൃഗശാലയിൽ സിംഹക്കുഞ്ഞുങ്ങളില്‍ ഒരെണ്ണം ചത്തു. അഞ്ച് വയസുള്ള നൈല എന്ന സിംഹം തിങ്കളാഴ്ച രാത്രി ഏഴരയോടെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഇതിൽ പെൺ സിംഹക്കുഞ്ഞാണ് ജനിച്ച് 12 മണിക്കൂറിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചത്തത് (Lion Cub Died In Thiruvananthapuram Zoo).
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസകോശത്തിന് മതിയായ വികാസമില്ലായിരുന്നെന്ന് കണ്ടെത്തിയതായി മൃഗശാല അധികൃതർ അറിയിച്ചു. ഇവയ്ക്ക് പാൽ നൽകാന്‍ അമ്മ സിംഹം വിസമ്മതിച്ചിരുന്നു. ഇതോടെ അവശ നിലയിലായിരുന്നു സിംഹക്കുഞ്ഞുങ്ങൾ. തുടർന്ന് ചൊവ്വാഴ്ച ഇവയെ നഴ്‌സറിയിലേക്ക് മാറ്റുകയും വേണ്ട പരിചരണം നൽകുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് നവജാത സിംഹക്കുഞ്ഞ് ചത്തത്. ആൺകുഞ്ഞ് ആരോഗ്യവാനാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നൈല എന്ന സിംഹം രണ്ട് കുട്ടികൾക്ക് ജന്മം നൽകിയത്. മൂന്ന് മാസം മുൻപാണ് നൈല ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. തുടർന്ന് നൈലയെ പ്രത്യേകം നിരീക്ഷിച്ച് വരികയായിരുന്നു.
Trivandrum Zoo Lion : തിരുവനന്തപുരം മൃഗശാലയിലെ സിംഹം പ്രസവിച്ചു; രണ്ട് കുട്ടികൾ
മൃഗശാലയിൽ പുതുതായി ചുമതലയേറ്റ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിലാണ് സിംഹക്കുട്ടികളെ നിരീക്ഷിച്ച് വന്നിരുന്നത്. നൈലയുടെ കൂട്ടിൽ നേരത്തേതന്നെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. അടുത്ത കാലം വരെ ആറ് വയസ് പ്രായമുള്ള ലിയോ എന്ന ആൺ സിംഹത്തിനൊപ്പം ഒരേ കൂട്ടിലായിരുന്നു നൈല.
എന്നാൽ ഗർഭകാല പരിചരണത്തിന്‍റെ ഭാഗമായി നൈലയെ തൊട്ടടുത്തുള്ള കൂട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി നൈലയെ സന്ദർശകർക്ക് കാണാനാകുന്ന കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്കും മാറ്റിയിരുന്നു. നേരത്തെ നൈലയ്ക്ക് ആറ് കിലോ ഇറച്ചിയായിരുന്നു ദിവസേന നൽകിയിരുന്നത്. എന്നാൽ ഗർഭകാലത്ത് നൈലയുടെ ആഹാരത്തിന്‍റെ അളവ് കൂട്ടിയിരുന്നു.
അടുത്തിടെ, പ്രായാധിക്യത്തെ തുടർന്ന്, ചികിത്സയിലായിരുന്ന 23 വയസുള്ള ആയുഷ് എന്ന ആൺസിംഹം ചത്ത വാർത്ത മൃഗസ്നേഹികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. ജൂൺ 5ന് തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളായ ലിയോയേയും നൈലയേയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. മന്ത്രി ജെ ചിഞ്ചു റാണിയാണ് സിംഹങ്ങൾക്ക് പേരുകള്‍ നൽകിയത് (Lion Died At Thiruvananthapuram Zoo).
ജൂൺ 15നാണ് ഇരുവരെയും സന്ദർശക കൂട്ടിലേക്ക് മാറ്റിയത്. ഇതില്‍ നൈല രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയെന്ന വാര്‍ത്ത മൃഗ സ്നേഹികളില്‍ സന്തോഷം നിറച്ചിരുന്നു. അതിനിടെയാണ് ഒരു കുഞ്ഞിന്‍റെ വിയോഗം ഉണ്ടായിരിക്കുന്നത്.