തിരുവനന്തപുരം: വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടങ്ങളിലും നിയമങ്ങളിലും അടുത്തിടെ വരുത്തിയ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങൾ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. നിലവിലെ വോട്ടര്‍മാര്‍ക്ക് ഈ വ്യവസ്ഥ നിര്‍ബന്ധമല്ല. എന്നാല്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് രജിസ്‌റ്റര്‍ ചെയ്യുന്നതിന് ആധാര്‍ ഉപയോഗിക്കാം.
വോട്ടര്‍ പട്ടിക കൂടുതല്‍ ശുദ്ധീകരിക്കുന്നതിന്‍റെ ഭാഗമായാണ് വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്‌ജയ് എം കൗള്‍ അറിയിച്ചു. ഒരേ ആളിന്‍റെ പേരു തന്നെ ഒന്നിലധികം തവണയോ ഒരേ പേരു തന്നെ ഒന്നിലധികം മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനും വോട്ടര്‍മാരുടെ ഐഡന്‍റിറ്റി സ്ഥാപിക്കുന്നതിനുമാണ് ആധാര്‍ ബന്ധിപ്പിക്കുന്നത്.
എന്നാല്‍ ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണത്താല്‍ ഒരു വോട്ടറുടെ പേരും പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യില്ല. ഓണ്‍ലൈനായോ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ ആധാര്‍ ലിങ്ക് ചെയ്യാം. ഇതിനുള്ള 6 ബി ഫോമുമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തും.
ഇപ്രകാരം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയില്‍ പ്രസിദ്ധീകരിക്കില്ല. വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടിക പുതുക്കും. സാധാരണയായി ജനുവരി മാസം ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം.
ഇനി മുതല്‍ ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ 1, ജൂലൈ 1, ഒക്‌ടോബര്‍ 1 തീയതികളില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഈ ദിവസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മുന്‍കൂറായി പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. 17 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അപേക്ഷിക്കാമെങ്കിലും അവര്‍ക്ക് 18 വയസ് പൂര്‍ത്തിയായ ശേഷം മാത്രമേ വോട്ടര്‍ പട്ടികയില്‍ ഇടം ലഭിക്കുകയുള്ളൂ.
എല്ലാ വര്‍ഷവും അന്തിമ വോട്ടര്‍ പട്ടിക ജനുവരി മാസത്തിലായിരിക്കും പ്രസിദ്ധീകരിക്കുക എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.