തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധന. കാസര്‍കോട് വിദ്യാര്‍ഥി ഷവര്‍മ കഴിച്ച് മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും റസ്റ്റോറന്‍റുകളും ഭക്ഷണശാലകളിലും ഭക്ഷ്യ വിഭാഗ വകുപ്പ് പരിശോധന നടത്തുന്നത്. നെടുമങ്ങാട് നഗരസഭയിലെ ബാര്‍ ഹോട്ടലുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കേടായ മുട്ട, പഴകിയ ദോശമാവും മറ്റ് ആഹാരസാധനങ്ങളും കണ്ടെത്തി. തിരുവനന്തപുരത്ത് ബാര്‍ഹോട്ടലുകളായ ഇന്ദ്രപ്രസ്ഥ, സൂര്യ, സെന്‍ട്രല്‍ പ്ലാസാ എന്നിവിടങ്ങളില്‍ നിന്ന് വൃത്തി ഹീനമായ ചുറ്റുപാടില്‍ സൂക്ഷിച്ച ചിക്കന്‍, ബീഫ്, പുഴുങ്ങിയ മുട്ട, പെറോട്ട, ദോശ, ചപ്പാത്തി എന്നിവയ്ക്കുള്ള മാവുകളും കണ്ടെത്തി. വട്ടപ്പാറയ്ക്കു സമീപം വേങ്കോട് പ്രവര്‍ത്തിക്കുന്ന എസ്.യു.ടി മെഡിക്കല്‍കോളജ് ആശുപത്രി കാന്റീനില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകള്‍, വടകള്‍, പെറോട്ട, പഴകിയ എണ്ണ, ഹോസ്റ്റല്‍ മെസില്‍ നിന്നും അഴുകിയ 25 കിലോ മീന്‍, പഴകിയ എണ്ണ എന്നിവയും പിടിച്ചെടുത്തു.
also read: വില്ലനായത് ഷവർമയോ; 16കാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു, 15 പേര്‍ ചികിത്സയില്‍
കോട്ടയം നഗരത്തിലെ പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചിടത്ത് നിന്നും പഴയ ചോറ്, ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, അച്ചാറുകൾ എന്നിവ പിടിച്ചെടുത്തു. ഇത്തരം ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ് നോട്ടിസ് നല്‍കി. കോട്ടയം കെ.എസ്.ആർ.ടി.സി ക്യാന്റീൻ, കോശീസ്, വസന്തം ഹോട്ടൽ, ഇംപീരിയൽ, ഹരിതം എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.
കോട്ടയത്ത് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തോടൊപ്പം നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി.ജി, ജീവൻ ലാൽ എന്നിവരും പങ്കെടുത്തു.