തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ലൈഫ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ലൈഫ് പദ്ധതി സ്തംഭിച്ചിട്ടില്ല, സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.
'ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തത്തിന്‍റെ നിരാശയാണ് ആരോപണങ്ങൾക്ക് കാരണം. ലൈഫ് പദ്ധതിക്കായി അഞ്ചു ലക്ഷം വീടുകൾക്കുള്ള തുക ചിലവഴിച്ചിട്ടുണ്ട്. കേരളത്തിൽ 4 മുതൽ 6 ലക്ഷം വരെ കൊടുക്കുന്നു. സാമ്പത്തികമായ കടുത്ത ഞെരുക്കം കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചില്ലായിരുന്നു എങ്കിൽ ലൈഫ് പദ്ധതിക്ക് ഇത്തവണത്തേക്കാൾ കൂടുതൽ വീടുകൾ അനുവദിക്കാൻ സാധിക്കുമായിരുന്നു. ആരോപണങ്ങൾ കൊണ്ട് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തടയാനോ പ്രവർത്തനത്തിൽ കരി നിഴൽ വീഴ്ത്താനോ സാധിക്കില്ല', എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇനിയും മാറ്റങ്ങൾ അനിവാര്യമാണെങ്കിലും തദ്ദേശ വകുപ്പിന്‍റെ പ്രവർത്തനം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട് എന്നും, സേവനങ്ങളുടെ കാര്യക്ഷമത ഉയരുകയും അഴിമതിയുടെ സാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു. വെള്ളക്കരം വർധന തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ബാധിക്കുമല്ലോയെന്ന ചോദ്യത്തിന് ആദ്യമായിട്ടല്ല വെള്ളത്തിന്‍റെ കരം കൂട്ടിയതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് അനുസൃതമായി വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി മറുപടി നൽകി. വസ്തു നികുതി വർധനവ് അടുത്ത സാമ്പത്തിക വർഷമായ ഏപ്രിലിന് മുൻപായിട്ട് ഉയർത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.