തിരുവനന്തപുരം: ആനാട് സുനിത കൊലക്കേസിൽ ഭർത്താവിന് ജീവപര്യന്തം. സുനിതയുടെ ഭർത്താവും പ്രതിയുമായ ജോയ് മാത്യുവിനാണ് അഡീഷണൽ ജില്ല സെഷൻസ് ജഡ്‌ജി കെ. വിഷ്‌ണു ജീവിപര്യന്തം തടവും 60,000 രൂപ പിഴയും വിധിച്ചത്. 24 സാക്ഷികൾ, 35 രേഖകൾ, 23 തൊണ്ടി മുതല്‍ എന്നിവ പരിശോധിച്ച ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
ജീവപര്യന്തത്തിന് പുറമെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് അഞ്ച് വർഷം കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. 60,000 രൂപ പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വിധിച്ചു. 2013 ഓഗസ്റ്റ് മൂന്നിനായിരുന്നു ജോയ് തന്‍റെ മൂന്നാം ഭാര്യയായ സുനിതയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കിയതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.
ശേഷം, മൃതദേഹം മൂന്ന് കഷണങ്ങളാക്കി കിടപ്പ് മുറിയിൽ മൂന്ന് ദിവസം സൂക്ഷിക്കുകയും സെപ്‌റ്റിക്ക് ടാങ്കില്‍ തള്ളുകയുമായിരുന്നു. അമ്മ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് ജോയ് മക്കളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഒൻപതു വർഷങ്ങൾക്ക് ശേഷമാണ് കേസ് വീണ്ടും അന്വേഷിച്ചത്.
നിർണായകമായത് ശാസ്‌ത്രീയ തെളിവുകൾ: നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിൽ ആരംഭിച്ച കേസന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സുനിതയാണെന്ന ശക്തമായ തെളിവുകൾ ഇല്ലാതെയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് സുനിത കൊലപെട്ടിട്ടില്ലെന്നും മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വാദം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ നിന്നും സുനിതയുടെ മൃതദേഹ അവശിഷ്‌ടങ്ങൾ ലഭിച്ചതോടെ കേസിന്‍റെ ഗതിമാറുകയായിരുന്നു. ഡിഎൻഎ ഫലം വന്നതോടെയാണ് മൃതദേഹം സുനിതയുടെ തന്നെയാണെന്ന് സ്ഥിരീകരിക്കാനായത്.