തിരുവനന്തപുരം : കോര്‍പറേഷനിലെ അനധികൃത നിയമനം സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ല സെക്രട്ടറിയ്ക്ക് കത്തെഴുതിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നതിനിടെയാണ് വിജിലന്‍സ് നീക്കം. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായി വിജിലന്‍സ് സംഘം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി.
സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. പിന്‍വാതില്‍ നിയമനം നടത്താന്‍ സിപിഎം ജില്ല സെക്രട്ടറി ആനാവൂരിന് മറ്റൊരു കത്തെഴുതിയ കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിലിന്‍റെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തും. ആര്യ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റ് രണ്ടുവര്‍ഷത്തിനിടെ തിരുവനന്തപുരം കോര്‍പറേഷനില്‍ 2,000 അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ജിഎസ് ശ്രീകുമാറാണ് പരാതിയുമായി വിജിലന്‍സ് ഡയറക്‌ടറെ സമീപിച്ചത്.
പരാതികളില്‍ നടപടിയെടുക്കാതെ വിജിലന്‍സ് : ഇതിന് പുറമെ മറ്റ് മൂന്ന് പരാതികളും ഡയറക്‌ടര്‍ക്ക് ലഭിച്ചെങ്കിലും നടപടിയെടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ല. തുടര്‍ന്ന്, ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ വിജിലന്‍സ് ഡയറക്‌ടര്‍ക്കും മേയര്‍ക്കും നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കേസന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്‌പി കെഇ ബൈജുവിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് പരാതിക്കാരനായ ശ്രീകുമാറില്‍ നിന്നും മൊഴി രേഖപ്പെടുത്തി. എസ്‌പിയ്‌ക്ക് മുന്നിലെത്തിയാണ് ശ്രീകുമാര്‍ മൊഴിയും തെളിവുകളും കൈമാറിയത്.
ALSO READ| വിവാദ കത്ത്; മേയറുടെയും ഡിആര്‍ അനിലിന്‍റെയും മൊഴിയെടുക്കാനൊരുങ്ങി വിജിലന്‍സ്
ഇതുസംബന്ധിച്ച് ലഭ്യമായ മുഴുവന്‍ തെളിവുകളും വിജിലന്‍സിന് കൈമാറിയതായി ശ്രീകുമാര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തിയ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആര്യയുടേയും ആനാവൂരിന്‍റേയും മൊഴി രേഖപ്പെടുത്തിയത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. മൊഴി നല്‍കിയത് സംബന്ധിച്ച് മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുകയാണ് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.