തിരുവനന്തപുരം: മുട്ടില്‍ ഉള്‍പ്പെടെ വിവാദമായ പട്ടയ ഭൂമിയിലെ മരം മുറി സംബന്ധിച്ച ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെയെന്നതിന് തെളിവുകള്‍ പുറത്ത്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിക്കണമെന്ന് റവന്യൂ-വനം മന്ത്രിമാര്‍ സംയുക്ത യോഗത്തില്‍ തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അയച്ച കത്ത് പുറത്തു വന്നു.
2019 ജൂലൈ 18, 2019 സെപ്തംബര്‍ മൂന്ന് എന്നീ ദിവസങ്ങളില്‍ റവന്യൂ, വനം മന്ത്രിമാരുടെ സംയുക്തയോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായതായി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്. വനം-വന്യ ജീവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് 2020 ജൂണ്‍ 30 ന് നല്‍കിയ കത്തിലാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് 2020 മാർച്ച് ഒന്നിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ അവ്യക്തത നിറഞ്ഞതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കത്തിലെ വിശദാംശങ്ങൾ
1960ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളില്‍ നിന്ന് കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് വനം-റവന്യൂ മന്ത്രിമാരുടെ യോഗങ്ങളില്‍ തീരുമാനമുണ്ടായിട്ടുള്ളതാണ്. കൃഷിക്കാര്‍ വച്ചു പിടിപ്പിക്കുന്ന മരങ്ങള്‍ കൃഷിക്കാര്‍ക്കു തന്നെ നല്‍കണം എന്ന് യോഗത്തില്‍ റവന്യൂ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയെന്നും കത്തില്‍ പറയുന്നു.
Also Read : മുട്ടില്‍ മരംമുറിക്കേസ് : ആരോപണ വിധേയർക്കെതിരെ നടപടി ഉടനില്ലെന്ന് വനംമന്ത്രി
എന്നാല്‍ മരം മുറിക്കുന്നതിന് അനുമതി നല്‍കി 2020 മാര്‍ച്ച് 11ന് ഇറക്കിയ സര്‍ക്കുലര്‍ മന്ത്രിമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവ്യക്തത നിറഞ്ഞ സര്‍ക്കുലര്‍ മാറ്റി മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയുള്ള വിവാദ ഉത്തരവ് 2020 ഒക്ടോബര്‍ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയത്.