തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറോട് വീണ്ടും വിശദീകരണം തേടാൻ നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് സമിതിക്ക് നൽകിയ വിശദീകരണം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ സംഭവത്തിലാണ് വിശദീകരണം തേടുക. അതേ സമയം ഇ.ഡിയുടെ വിശദീകരണത്തിലേയ്ക്ക് വിശദമായി ഇന്ന് ചേർന്ന എത്തിക്‌സ് കമ്മിറ്റി യോഗം കടന്നില്ല.
ലൈഫ് മിഷനിലെ സർക്കാരിൻ്റെ വിശദീകരണം കൂടി ലഭിച്ച ശേഷം ഇ.ഡിയുടെ വിശദീകരണം പരിശോധിക്കും. അതിനിടെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയിൽ പ്രതിപക്ഷ എംഎൽഎമാർ വിയോജിപ്പ് രേഖപ്പെടുത്തി. ഇ.ഡിയുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നതായി യോഗത്തിൽ പ്രതിപക്ഷം ആരോപിച്ചു. സർക്കാരിൻ്റെ ചട്ടുകമായി സമിതി മാറരുതെന്നും സമിതി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.