തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്‌പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. സഭയില്‍ രാവിലെ ഒമ്പതിനാണ് വോട്ടെടുപ്പ്. തൃത്താലയില്‍ നിന്നുള്ള സിപിഎം അംഗം എം.ബി.രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസിലെ പി.സി.വിണുനാഥും മത്സരിക്കുന്നുണ്ട്. പ്രോടേം സ്‌പീക്കര്‍ പി.ടി.എ റഹിമിന്‍റെ അധ്യക്ഷതയിലാണ് വോട്ടടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണി പ്രോടേം സ്‌പീക്കര്‍ വിജയിയെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവും ചേര്‍ന്ന് സ്‌പീക്കറെ ഇരിപ്പിടത്തിലേക്കാനയിക്കും. സ്‌പീക്കര്‍ ചുമതലയേല്‍ക്കുന്നതോടെ പ്രോടേം സ്‌പീക്കര്‍ പദം ഇല്ലാതാകും. ഭരണ പക്ഷത്തിന് 99ഉം പ്രതിപക്ഷത്തിന് 41ഉം അംഗങ്ങളാണുള്ളത്. അതിനാല്‍ വെല്ലുവിളികളേതും ഇല്ലാതെയാണ് എം.ബി.രാജേഷ് മത്സരിക്കുന്നത്.
also read: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, ഹമീദ് മാസ്റ്ററില്‍ തുടങ്ങി സേവ്യർ ചിറ്റിലപ്പള്ളിയില്‍ അവസാനിച്ചു
പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ തിരഞ്ഞെടുത്ത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും സ്‌പീക്കര്‍ സഭയില്‍ നടത്തും. ഇതാദ്യമായാണ് സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ ഒരു നവാഗതനെ സ്‌പീക്കര്‍ പദത്തിലേക്ക് ഭരണപക്ഷം കൊണ്ടുവരുന്നത്. പുതിയ സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സഭയില്‍ നടത്തും. ജൂണ്‍ നാലിന് പുതിയ സര്‍ക്കാരിന്‍റെ കന്നി ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ജൂണ്‍ 14ന് സഭ പിരിയും.