തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ ക്രമക്കേടിന്‍റെ പശ്ചാത്തലത്തില്‍ സമഗ്രമായ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ഈ നിയമസഭ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതുവഴി ക്രമവിരുദ്ധമായ ഇടപെടലുകള്‍ അവസാനിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ഓഡിറ്റ് സിസ്റ്റത്തില്‍ സഹകരണ വകുപ്പ് മാറ്റം വരുത്തിയിരുന്നു. എല്ലായിടത്തും ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണോ പ്രവര്‍ത്തനമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: സർക്കാർ നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി
അതേസമയം 2020-2021ല്‍ കേരള ബാങ്ക് നിക്ഷേപത്തില്‍ 9.27 ശതമാനം വര്‍ധനവ് നേടിയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 61071 കോടി രൂപയില്‍ നിന്നും 66731 കോടി രൂപയായാണ് നിക്ഷേപം വര്‍ധിച്ചത്.
2021 മാര്‍ച്ച് 31ന് കേരള ബാങ്കിന് 106396 കോടി രൂപയുടെ ബിസിനസാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ അറ്റാദായം 61.99 കോടി രൂപയാണ്.
ലയന സമയത്ത് 25 ശതമാനത്തിന് മുകളിലായിരുന്ന നിഷ്‌ക്രിയ ആസ്‌തി 14.40 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴുള്ള നിഷ്‌ക്രിയ ആസ്‌തി.