തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി യോഗം ഈ മാസം 28 ന് ചേരും. കൊവിഡ് മൂലം മാസങ്ങളായി മുന്നണി യോഗം ചേർന്നിരുന്നില്ല. എന്നാല്‍ നിലവിലെ വിവാദങ്ങളില്‍ വിശദമായ ചർച്ച വേണമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. സിപിഐയാണ് പ്രധാനമായും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നീ നേതാക്കള്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്താനാണ് ശ്രമം. ഇതിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം കർശനമാക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിലെ പാർട്ടി ഇടപെടൽ ശക്തമാക്കാനാണ് ഇത്തരമൊരു നീക്കം. പൊളിറ്റിക്കൽ സെക്രട്ടറി അടക്കം ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ വിവരങ്ങൾ പാർട്ടിയിൽ എത്താതിരുന്നതിൽ സിപിഎം സെക്രട്ടറിയേറ്റ് വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണം വേണ്ടെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുമുന്നണിയും ഉള്ളത്. ഇക്കാര്യങ്ങൾ വിശദമായി ചർച്ച മുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യും. ഈ മാസം 27ന് ബിൽ പാസാക്കുന്നതിന് ഒറ്റദിവസത്തെ നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. അതിനാലാണ് മുന്നണി യോഗം 28 ലേക്ക് തീരുമാനിച്ചത്.