തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത്, ലൈഫ്, ബിനീഷ് കോടിയേരി വിഷയങ്ങളിലൂടെ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള യുഡിഎഫ് നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് സിപിഎമ്മിന്‍റെ പ്രതിരോധം. അഴിമതിക്കേസിലും പണാപഹരണക്കേസിലും രണ്ട് ലീഗ് എംഎല്‍എമ്മാർ അറസ്റ്റിലായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസിന് സര്‍ക്കാര്‍ കച്ചമുറുക്കി.
ബിജുരമേശിന്‍റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയ ഫയല്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്‍റെ വെളിപ്പെടുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പുറമേ പറവൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ വി.ഡി സതീശന്‍ എംഎല്‍എക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സ്‌പീക്കറെ സമീപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ തീര്‍ത്തും പ്രതിരോധത്തിലായ സര്‍ക്കാരിന് ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ആശ്വാസമാണ്. ഇതിലൂടെ യുഡിഎഫിനെ നേരിടാനുള്ള പോര്‍മുഖമാണ് സിപിഎം തുറക്കുന്നത്. സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളെ പ്രതിരോധിക്കുന്നതിനു പകരം പ്രത്യാക്രമണം നടത്തുകയെന്നതാണ് സിപിഎം തന്ത്രം. പിന്നാലെ സോളാര്‍ കേസ് പ്രതി സരിതയുടെ പുതിയ വെളിപ്പെടുത്തല്‍ ആയുധമാക്കി ഏതാനും കോണ്‍ഗ്രസ് എംഎല്‍എമ്മാരെ കുരുക്കാനും അന്വേഷണ ഏജന്‍സികള്‍ നീക്കമാരംഭിച്ചതോടെ യുഡിഎഫിനെതിരെ ബഹുമുഖ ആക്രമണത്തിന് സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു.
എന്നാൽ സോളാര്‍ കേസിലും ബാര്‍ കോഴ കേസിലും ആരോപണ വിധേയനായ ജോസ് കെ. മാണിയെ ഒഴിവാക്കിയതു ചൂണ്ടിക്കാട്ടി എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമെന്ന് സ്ഥാപിക്കാനാണ് യുഡിഎഫ് നീക്കം. എൽഡിഎഫ് പാളയത്തിലേക്ക് ജോസ് നീങ്ങിയ ശേഷം ബാര്‍ കേസിന് ഇനി പ്രസക്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ കെ.എം മാണി മരിച്ചതോടെ കേസ് ഇല്ലാതായെന്ന് നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവനും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വീണ്ടും ബാര്‍ കേസ് കുത്തിപ്പൊക്കുന്നതിന്‍റെ യുക്തി സിപിഎമ്മിന് വിശദീകരിക്കേണ്ടി വരും.
എന്നാൽ രമേശ് ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പു വച്ചിട്ടില്ല. ബാര്‍ കേസ് രണ്ടു തവണ അന്വേഷിച്ചതാണെന്നും രണ്ട് അന്വേഷണങ്ങളിലും തനിക്ക് പങ്കില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്നും ചൂണ്ടിക്കാട്ടി ചെന്നിത്തല ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആലോചിക്കുന്നതായി രാജ്ഭവന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുത്തന്‍ ആരോപണങ്ങള്‍ ആയുധമാക്കി സര്‍ക്കാരിനെതിരെ ആക്രമിക്കാന്‍ രംഗത്തു വന്ന യുഡിഎഫിനെതിരെ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് പ്രത്യാക്രമണം നടത്താൻ എല്‍ഡിഎഫും തയ്യാറായിക്കഴിഞ്ഞു. ഇതോടെ ഭരണ പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങളുയര്‍ത്തുന്ന പൊടിയിലും പുകയിലുമായിരിക്കും തദ്ദേശഭരണ തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും ആരോപണ പ്രത്യാരോപണങ്ങളുടെ കനല്‍ അണയില്ലെന്നുറപ്പായി.