തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ഒപ്പമെത്തിയതിന് ശേഷമുള്ള ആദ്യ ഇടതുമുന്നണിയോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്, കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളാവും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യുക.
ദേശിയ ഏജൻസികൾ സംസ്ഥാന സർക്കാറിന്‍റെ പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. സർക്കാറിൻ്റെ നാലു പദ്ധതികളുടെ ഫയലുകൾ അവശ്യപ്പെട്ട ഇഡി നടപടി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായാണ് സി പി എം കാണുന്നത്. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സിപിഎം ഈ നിലപാടുകള്‍ അവതരിപ്പിക്കും.
മുന്നണിക്കുളളിലും ഇത്തരത്തിലുള്ള വികാരം തന്നെയാണുള്ളത്. തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് സര്‍ക്കാറിനെയും മുന്നണിയെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനുള്ള നീക്കമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം നേതൃയോഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതിഷേധം ഏത് രീതിയിൽ വേണമെന്നത് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാവും. കോട്ടയം,ഇടുക്കി ജില്ലകളിൽ കൂടുതൽ സീറ്റുകൾ കേരള കോൺഗ്രസിന് വിട്ടുനൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. വയനാട്ടിൽ നടന്ന മാവോയിസ്റ്റ് വേട്ട സിപിഐ മുന്നണി യോഗത്തിൽ ഉന്നയിക്കാനും സാധ്യത ഉണ്ട്. സർക്കാറിനെ ബാധിച്ചിരിക്കുന്ന വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും.