തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ കയറൂരി വിടില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. യു.ഡി.എഫും ബി.ജെ.പിയും കേന്ദ്ര ഏജൻസികളെ ഇറക്കി സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനത്തെ തടയുകയാണ്. പ്രതിപക്ഷ സമരത്തെ സഹായിക്കാനുള്ള ഉപകരണമായി കേന്ദ്ര ഏജൻസികളെ മാറ്റുന്നു. ഇത്തരത്തിലുള്ള അധികാര ദുർവിനിയോഗം മൂലം സംസ്ഥാനത്തെ പല പദ്ധതികളും നിലക്കുകയാണ്.
നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ശക്തമായി നേരിടും. ബി.ജെ.പിയുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രക്ഷകൻ നരേന്ദ്ര മോദിയും അമിത്ഷായുമാണ്. അതുകൊണ്ടാണ് യു.ഡി.എഫ് ജനപ്രതിനിധികൾ നിരന്തരം കഥയെഴുതുന്നത്. സിബിഐയെ തടയുന്നതിനുള്ള നിയമനിർമാണം കൂടിയാലോചനയ്ക്ക് ശേഷമുണ്ടാകും. അത്തരമൊരു ചർച്ച ഇപ്പോൾ ഇടതുമുന്നണിയുടെ മുന്നിലില്ല. പ്രതിപക്ഷനേതാവ് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇന്നത്തെ ആരോപണം മാത്രമാണിതെന്നും എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി.