തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ഉള്‍പ്പെടെ എല്ലായിടത്തും സഖ്യമാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചവരാണ് ഇടതുപക്ഷമെന്നും ദേബ് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ്. ത്രിപുരയില്‍ 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ വേരോടെ പിഴുതെറിയാന്‍ കഴിഞ്ഞെങ്കില്‍ കേരളത്തിലും കഴിയും. ജനങ്ങള്‍ മോദിയുടെ കൈപിടിക്കണമെന്നും ബിപ്ലവ് ദേബ് പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് ത്രിപുര മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച ബിപ്ലവ് കുമാര്‍ ദേബ് ത്രിപുരയിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. വളര്‍ച്ചാ നിരക്കില്‍ ത്രിപുരയേക്കാള്‍ പിറകിലാണ് കേരളം. പ്രാഥമിക മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും ത്രിപുര ഏറെ മുന്നിലാണ്. ആയുഷ്‌മാന്‍ ഭാരത് 88 ശതമാനം നടപ്പിലാക്കി. 25 ശതമാനം ജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചു. 25 വര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍ രണ്ട് ശതമാനം ജനങ്ങളിലാണ് കുടിവെള്ളം എത്തിച്ചത്. പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. കേരളത്തില്‍ ഇപ്പോഴത്തേത് ബിജെപിക്ക് അനുകൂല സാഹചര്യമെന്നും ത്രിപുര മുഖ്യമന്ത്രി കൂട്ടിചേർത്തു.