തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം ഹോം ഐസലേഷനിലെ ഗുരുത വീഴ്‌ചയെന്ന് കേന്ദ്ര സംഘം. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്‌ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇതും സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സംഘം സമര്‍പ്പിച്ചു.
കേരളത്തിലെ 10 ജില്ലകളില്‍ സംഘം പരിശോധന നടത്തി. രോഗ വ്യാപനത്തില്‍ കൂടുതലും വീടുകളില്‍ നിന്നുള്ള രോഗബാധയാണെന്നും ഇത് തടയാന്‍ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടിലുള്ള ഏതെങ്കിലും ഒരംഗം പ്രൈമറി കോണ്ടാക്‌ടില്‍ വന്നാല്‍ ഉടന്‍ റൂം ക്വാറന്‍റീനില്‍ പോവുകയും പരിശോധന നടത്തുകയും വേണം.
വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നീരീക്ഷണം കര്‍ശനമാക്കാനും സംഘം നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ ഉള്‍പ്പെടെ വാക്‌സിന്‍ എടുത്തവരില്‍ കൊവിഡ് ബാധ വ്യാപകമാണ്. പ്രതിരോധ വാക്‌സിന്‍ എടുത്തവരില്‍ എത്ര പേര്‍ കൊവിഡ് ബാധിതരാണെന്ന് പരിശോധിക്കാനും കേന്ദ്ര സംഘം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി.