തിരുവനന്തപുരം: ജില്ലയിലെ തീരമേഖലയില്‍ വീട് നഷ്‌ടപ്പെട്ടവര്‍ വികസനത്തിന്‍റെ ഇരകളാണെന്നും അവര്‍ക്ക് നഷ്‌ടപ്പെട്ടതിനു തത്തുല്യമായ സ്ഥലവും വീടും ലഭിച്ചേ മതിയാകൂ എന്നും ലത്തീന്‍ അതിരൂപത. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് മത്സ്യത്തൊഴിലാളികളെ അങ്ങോട്ട് മാറ്റാമെന്ന സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ല. വികസനത്തിന്‍റെ പേരില്‍ വഴിയാധാരം ആക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം ലഭിച്ചേ തീരുവെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
തീരവും വീടും തൊഴിലും സ്വത്വവും നഷ്‌ടപ്പെട്ടവര്‍ക്ക് തിരിച്ചു കിട്ടിയേ തീരൂ. ഫ്‌ളാറ്റുകളില്‍ 19-ാം നൂറ്റാണ്ടിലെ സൗകര്യം പോലുമില്ല. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നതിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നാല് സെന്‍റ് സ്ഥലവും വീടുമാണ് അന്ന് സര്‍ക്കാര്‍ നഷ്‌ടപരിഹാരമായി നല്‍കിയത്.
വീടും സ്ഥലവും പട്ടയവും ഉണ്ടെങ്കിലേ മത്സ്യത്തൊഴിലാളികള്‍ക്ക് വായ്‌പ എടുക്കുന്നതിനും അവരുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനുമൊക്കെ സാധിക്കുകയുള്ളൂ. ഫ്‌ളാറ്റ് ഇതിനൊന്നിനും പരിഹാരമല്ല. അംഗീകരിക്കില്ല, ഫാദര്‍ തിയോഡോഷ്യസ് പറഞ്ഞു.