തിരുവനന്തപുരം: കാട്ടാക്കട അമ്പലത്തിൻകാലയിൽ മണ്ണുമാന്തിയന്ത്രം കൊണ്ട് ഭൂവുടമയെ അടിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പേര്‍ പിടിയിൽ. ചാരുപാറ സ്വദേശികളായ ഡ്രൈവര്‍ വിജില്‍, അനീഷ്, ലാല്‍ കൃഷ്‌ണ എന്നിവരെയാണ് കാട്ടാക്കട പൊലീസ് ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തത്. കാട്ടാക്കട അമ്പലത്തുംകാല കാഞ്ഞിരംവിള വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്.
ചെമ്പകോട് സ്വദേശിയും മണ്ണ്‌മാന്തി യന്ത്രത്തിന്‍റെ ഉടമയുമായ ഉത്തമന്‍, ചാരുപാറ സ്വദേശിയും റിപ്പര്‍ ലോറിയുടെ ഉടമയുമായ സജു ഉള്‍പ്പെടെ ആറ് പേരെയാണ് സംഭത്തില്‍ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, കാട്ടാക്കട ഇന്‍സ്‌പെക്‌ടര്‍ ഡി.ബിജുകുമാര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
സ്വന്തം സ്ഥലത്തെ മണ്ണ് കടത്തുന്നത് ചോദ്യം ചെയ്‌ത സംഗീതിനെ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാര ആവശ്യത്തിനായി പുറത്ത് പോയിരുന്ന സമയത്താണ് മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിച്ചത്. രണ്ട് ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണ് എടുക്കുകയായിരുന്നു.