തിരുവനന്തപുരം: എറണാകുളം കോതമംഗലം സ്വദേശിയായ ഹൃദ്രോഗിക്ക് അവയവദാനം ചെയ്‌ത ലാലിയുടെ മൃതദേഹം സംസ്‌കരിച്ചു. അവയവദാനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പത്ത് മണിക്ക് ചെമ്പഴന്തി അണിയൂരിലെ വീട്ടിലെത്തിച്ചു. തുടർന്ന് ലാലി അധ്യാപികയായ പൗണ്ട്‌കടവ് എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. ലോക്ക് ഡൗണായതിനാൽ സർക്കാരിന്‍റെ എല്ലാ നിർദേശങ്ങളും പാലിച്ചായിരുന്നു പൊതുദർശനം.
സഹപ്രവർത്തകർ, മറ്റു സ്‌കൂളുകളിലെ അധ്യാപകർ, വിദ്യാര്‍ഥികൾ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ അവസാനമായി കാണാനെത്തി. തുടർന്ന് കുളത്തൂരിലെ പൊതു ശ്‌മാശാനത്തിൽ സംസ്‌കാരം നടന്നു. ഹൃദയം സ്വീകരിച്ച കോതമംഗലം സ്വദേശി ലീനയുടെ രണ്ട് മക്കളും സംസ്‌കാരത്തിൽ പങ്കെടുത്തു.