തിരുവനന്തപുരം: കൊവിഡിന്‍റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് അനുദിനം കുതിക്കുന്ന കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയും നാണക്കേടുമായിരിക്കുകയാണ് താനൂരിലെ ബോട്ടപകടം. വേനല്‍ അവധിക്കാലമായതിനാല്‍ കേരളത്തിന്‍റെ കായലോര ടൂറിസം മേഖല വന്‍ കുതിപ്പ് നടത്തുന്നതിനിടെയാണ് താനൂര്‍ അപകടം കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇടിത്തീയാകുന്നത്. കേരളത്തിലെ കായലോര ടൂറിസത്തിന്‍റെ കേന്ദ്രം എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ഹൗസ് ബോട്ട്, ഷിക്കാര എന്നിവയാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെയും വിദേശ വിനോദ സഞ്ചാരികളുടെയും ഇഷ്‌ട ഇനം.
കശ്‌മീരിലെ ഹൗസ് ബോട്ടു കഴിഞ്ഞാല്‍ ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഏറെ ഇഷ്‌ടപ്പെടുന്നത് ആലപ്പുഴയിലെ ഹൗസ് ബോട്ട് സവാരിയാണ്. ഇവിടെ അടിക്കടി ചെറു ദുരന്തങ്ങള്‍ പതിവാണെങ്കിലും ഇവിടെയൊന്നും സുരക്ഷ പരിശോധന കൃത്യമായി നടക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. മാത്രമല്ല, സുരക്ഷ മാനദണ്ഡങ്ങളും സുരക്ഷ സംവിധാനങ്ങളും ഇത്തരം ബോട്ടുകളിലും വള്ളങ്ങളിലുമൊക്കെ കൃത്യമാണോ എന്നു കൃത്യമായ ഇടവേളകളില്‍ പരിശോധനയുമില്ല. ഇവിടങ്ങളിലെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണ്.
കേരളത്തിലെ കായലോര ടൂറിസം മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ടൂറിസം വകുപ്പാകട്ടെ സഞ്ചാരികളുടെ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. 2009 സെപ്‌റ്റംബര്‍ 30ന് 46 വിനോദ സഞ്ചാരികളുടെ ജീവനെടുത്ത തേക്കടി ബോട്ടപകടമാണ് താനൂരിലേതിന് മുന്‍പ് ഏറ്റവും അവസാനം നടന്ന ബോട്ടപകടം. അന്ന് മരിച്ച 46 പേരില്‍ ഭൂരിഭാഗം പേരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ വിദേശികളോ ആയിരുന്നു.
അന്ന് മരിച്ച മുംബൈ സ്വദേശികളായ ദമ്പതികളുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിരുന്നു. വിനോദ സഞ്ചാരികളുടെ ജിവന് ഒരു സുരക്ഷിതത്വവും ഏര്‍പ്പെടുത്താത്ത ഈ നശിച്ച നാട്ടിലേക്ക് ഇനിയില്ലെന്ന ശാപവാക്കുകളോടെയാണ് അന്ന് അവര്‍ കേരളത്തില്‍ നിന്ന് ഉറ്റവരുടെ മൃതദേഹങ്ങളുമായി മടങ്ങിയത്. അതിനു ശേഷവും കേരളത്തിന്‍റെ കായലോര ടൂറിസം മേഖലയില്‍ നിരവധി വിനോദ സഞ്ചാരികള്‍ പല തരം അപകടങ്ങളില്‍ പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
എന്നാല്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കേണ്ട വിനോദ സഞ്ചാര വകുപ്പ് പലപ്പോഴും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്നത് സംശയമാണ്. വിനോദ സഞ്ചാര മേഖലകളില്‍ ഉപയോഗിക്കുന്ന ജലയാനങ്ങള്‍ക്ക് ഫിറ്റ്നസും സുരക്ഷ സംവിധാനങ്ങളും കൃത്യമായി പരിശോധിക്കുകയും ഇത്തരം തട്ടിക്കൂട്ട് സംവിധാനങ്ങളെ കയ്യോടെ പിടികൂടി ഒഴിവാക്കാന്‍ സംവിധാനമില്ലാത്തത് നാണക്കേടാണ്. 44 നദികളും 34 കായലുകളും കൊണ്ട് സമ്പന്നമായ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണം ഇതാണ്.
കൊച്ചിയാണ് മറ്റൊരു ജല വിനോദ സഞ്ചാര മേഖല. കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ജല ടൂറിസത്തിന് താനൂര്‍ ദുരന്തം മുന്നറിയിപ്പാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയും കടലിന്‍റെയും കായലിന്‍റെയും ഭംഗി ആസ്വദിക്കുന്നതിന് ജലയാനങ്ങളെ ആശ്രയിക്കുന്നത്. അതോടൊപ്പം കൊല്ലം സാമ്പ്രാണിക്കോടി പോലും സമീപകാലത്ത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ജല വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പുതുതായി വികസിച്ചു വരികയുമാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിനെ ആശ്രയിച്ച് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജലയാനങ്ങളുടെ സുരക്ഷ വൈകാതെ ഉറപ്പു വരുത്താന്‍ ടൂറിസം വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി രംഗത്തിറങ്ങിയില്ലെങ്കില്‍ ഈ വേനലവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും.