തിരുവനന്തപുരം : കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു. മൂന്ന് ദിവസം പകലും രാത്രിയും നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തി കിണറിന് പുറത്തെത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം.
തമിഴ്‌നാട് പാർവതീപുരം സ്വദേശി മഹാരാജ് (55) ആണ് മരിച്ചത്. മഹാരാജിനെ പുറത്ത് എത്തിച്ചതിന് ശേഷം വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ശനിയാഴ്‌ച (08.07.23) രാവിലെ 9.30നായിരുന്നു അപകടം സംഭവിച്ചത്.
30 വർഷം പഴക്കമുള്ള കിണറ്റിലെ പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറില്‍ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും എടുത്തുമാറ്റി കയർ കെട്ടി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അപകടത്തില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപെട്ടിരുന്നു.
രക്ഷപ്രവർത്തനത്തിന് വെല്ലുവിളികൾ ഏറെ : എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, വിദഗ്‌ദ തൊഴിലാളികള്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന 27 അംഗ സംയുക്ത സംഘത്തിന്‍റെ മൂന്ന് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് മഹാരാജിനെ പുറത്ത് എത്തിക്കാനായത്. ആലപ്പുഴയിൽ നിന്നുള്ള 3 അംഗ, വിദഗ്‌ധ കിണർ നിര്‍മാണത്തൊഴിലാളികളെയും രക്ഷാദൗത്യത്തിനായി മുക്കോലയിൽ എത്തിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ നടന്ന തെരച്ചിലിനൊടുവിലാണ് ഇന്നലെ മഹാരാജന്‍റെ കൈ കണ്ടെത്തിയത്.
മണ്ണിന്‍റെ പ്രത്യേകതയാണ് മഹാരാജിനെ പുറത്ത് എത്തിക്കാൻ തടസമായത്. മണ്ണ് മാറ്റും തോറും കിണറിന്‍റെ വശങ്ങളിൽ നിന്നും വീണ്ടും മണ്ണ് വന്ന് അടിയുന്ന സാഹചര്യമാണ് രക്ഷപ്രവർത്തനത്തിന് വെല്ലുവിളിയായത്. മണ്ണ് കൂടുതലായി അടിയുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം രക്ഷപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു.
90 അടി താഴ്‌ചയുള്ള കിണറിൽ 50 അടി വരെ രക്ഷപ്രവർത്തക സംഘത്തിന് എത്താൻ ബുദ്ധിമുട്ട് നേരിട്ടിരുന്നില്ല. ഇതിന് ശേഷമായിരുന്നു മണ്ണ് അടിയുന്ന സാഹചര്യം ഉണ്ടായത്. പിന്നീട് മഴ പെയ്‌ത് കിണറില്‍ വെള്ളം നിറയുകയും ചെയ്‌തതോടെ രക്ഷപ്രവർത്തനം വീണ്ടും ദുഷ്‌കരമായി.
അപകടം ഉണ്ടായത് കിണറിന് മുകളിലേക്ക് കയറാൻ ഒരുങ്ങവെ : ഏകദേശം 16 വർഷത്തോളമായി വിഴിഞ്ഞത്താണ് മഹാരാജ് താമസിച്ച് വരുന്നത്. വേങ്ങാന്നൂര്‍ മുക്കോല ചോട്ടുകോണം റോഡ് അശ്വതിയിൽ സുകുമാരന്‍റെ വീട്ടിലെ കിണറിൽ പഴയ കോൺക്രീറ്റ് ഉറയുടെ മുകളിലേക്ക് പുതിയ ഉറകൾ സ്ഥാപിക്കുന്ന ജോലിക്കിടെയാണ് അപകടം നടന്നത്. കിണറിൽ നേരത്തെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് അടിത്തട്ടിൽ നിന്ന് മുകളിലേക്കുള്ള ഉറകൾ മാറ്റി സ്ഥാപിച്ച് വരികയായിരുന്നു.
കിണറിന്‍റെ അടിത്തട്ടിൽ ഉണ്ടായിരുന്ന മണ്ണ് നീക്കാനും അവിടെ സ്ഥാപിച്ചിരുന്ന പമ്പ് തിരിച്ചെടുക്കാനുമായിരുന്നു മഹാരാജൻ കിണറ്റിൽ ഇറങ്ങിയത്. സഹായത്തിനുണ്ടായിരുന്ന മണികണ്‌ഠന്‍ (48) എന്ന തൊഴിലാളി കിണറിനുള്ളില്‍ മഹാരാജന് കുറച്ച് മുകളിലായി നിൽക്കവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് മണികണ്‌ഠൻ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്.
നേരിയ തോതിൽ വെള്ളം കുത്തി ഇറങ്ങുന്നത് കണ്ട് മുകളിൽ നിന്നിരുന്ന മറ്റ് തൊഴിലാളികൾ മുകളിലേക്ക് കയറാൻ ഇവരോട് നിര്‍ദേശിച്ചിരുന്നു. കയറിൽ പിടിച്ച് മുകളിൽ കയറാൻ തുടങ്ങുമ്പോൾ ആണ് കിണറിന്‍റെ മധ്യഭാഗത്തുനിന്ന് മുമ്പ് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഉറ തകർന്ന് മണ്ണും വെള്ളവും മണികണ്‌ഠന്‍റെയും മഹാരാജന്‍റെയും മുകളിലേക്ക് വീഴുന്നത്. മണികണ്‌ഠൻ പരിക്കുകളോടെ രക്ഷപ്പെട്ടു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവരാണ് മറ്റ് തൊഴിലാളികൾ.
രക്ഷപ്രവർത്തനം ഇങ്ങനെ: വീട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ അപകട വിവരം അറിയിച്ചത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അന്ന് രാവിലെ 10 മണിയോടെ തന്നെ രക്ഷപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മഴ പെയ്‌ത് കിണർ നിറയാതിരിക്കാൻ ടാർപോളിൻ കെട്ടി മറച്ചായിരുന്നു രക്ഷപ്രവർത്തനം നടത്തിയത്. രണ്ട് പമ്പുസെറ്റുകൾ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷം കിണറിലെ വെള്ളം പമ്പ് ചെയ്‌ത് നീക്കി. വെള്ളം വറ്റിച്ച ശേഷമാണ് മഹാരാജന്‍റെ കൈകൾ കണ്ടെത്തിയത്.
തുടർന്ന് മണ്ണും ചെളിയും കോരി മാറ്റിയ ശേഷമാണ് മഹാരാജനെ പൂർണമായും കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
കൊല്ലം ജില്ലയില്‍ നിന്നുള്ള കിണർ നിർമാണ വിദഗ്ധ തൊഴിലാളികൾ എത്തി മെറ്റല്‍ റിങ് സ്ഥാപിച്ചാണ് രക്ഷപ്രവർത്തനം ഊർജിതമാക്കിയത്. 80 അടി താഴ്‌ചയിലെ മണ്ണ് നീക്കിയാണ് പുതിയ മെറ്റല്‍ റിങ് ഇറക്കി മഹാരാജിന്‍റെ മൃതദേഹം കണ്ടെത്തിയത്.