തിരുവനന്തപുരം : കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ്. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം മറികടന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യം. എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്. കെ.പി.സി.സി വിലക്കും പങ്കെടുക്കരുതെന്ന സോണിയ ഗാന്ധിയുടെ നിര്‍ദേശവും ലംഘിച്ചാണ് തോമസ് സി.പി.എം വേദിയിലെത്തിയത്. ഇത് പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എ.ഐ.സി.സിയ്ക്ക് കത്ത് നല്‍കിയിരുന്നു.
ഈ പരാതിയാണ് അച്ചടക്ക സമിതി പരിശോധിച്ചത്. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് കെ സുധാകരന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം ഇന്നുചേര്‍ന്ന അച്ചടക്ക സമിതി പരിശോധിച്ചു. അതിനുശേഷമാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്.