തിരുവനന്തപുരം: സർക്കാർ എഞ്ചിനിയറിങ് കോളജിന് സമീപം കരിപ്രത്തല വീട്ടിൽ കുഞ്ഞുമോനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ചെറുവയ്ക്കൽ പോങ്ങുംമൂട് കാരുണ്യയിൽ താമസം ബിനു (34) വിനെയാണ് തിരുവനന്തപുരം ആറാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ.അജിത്‌കുമാർ ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ ഭവന കയ്യേറ്റത്തിന് അഞ്ചു വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവ് അനുഭവിക്കണം. പിഴ തുക പ്രതി അടച്ചാൽ അത് മരണപ്പെട്ട കുഞ്ഞുമോന്‍റെ അമ്മയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു.
2010 സെപ്റ്റംബർ ആറിനാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോൻ പ്രതി ബിനുവിന്‍റെ അമ്മയുടെ സഹോദരിയുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു. ബിനുവിന്‍റെ സഹോദരിയുടെ ഓട്ടോറിക്ഷയായിരുന്നു കൊല്ലപ്പെട്ട കുഞ്ഞുമോൻ ഓടിച്ചിരുന്നത്. സംഭവ ദിവസം തലേന്ന് കുഞ്ഞുമോൻ ഓട്ടോ പ്രതിയുടെ വീട്ടിൽ ഒതുക്കിയ ശേഷം വീണ്ടും താക്കോൽ ചോദിച്ചപ്പോൾ കൊടുക്കാത്തത് കാരണം കുഞ്ഞുമോൻ പ്രതിയുടെ അച്ഛൻ മോഹനനെ കയ്യേറ്റം ചെയ്‌തിരുന്നു. ഇത് കാരണം ഉള്ള വിരോധത്താൽ സംഭവ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുകയായിരുന്ന കുഞ്ഞുമോനെ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിയുടെ മുൻപിൽവച്ച് പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ ഹാജരായി.