കണ്ണൂര്‍ : കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പ്രദേശത്തിന്‍റെ ഫുട്‌ബോള്‍ പ്രേമത്തിന് കുറഞ്ഞത് 50 വര്‍ഷത്തെയെങ്കിലും പെരുമയുണ്ട്. കുമാര്‍ കുഞ്ഞിമംഗലം എന്ന പേരും ആ നാടും കാല്‍പന്തും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ്. കുമാർ കുഞ്ഞിമംഗലം എന്ന ക്ലബ് കാൽപന്തുകളിയില്‍ കുറിച്ച നേട്ടങ്ങൾ ഈ നാടിന്‍റെ മുദ്രയുമാണ്.
പ്രസിദ്ധമായ മല്ലിയോട്ട് കാവിന് സമീപത്താണ് ക്ലബ്. ഇവിടുത്തെ ലോകകപ്പ് ആവേശവും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുടങ്ങിയിരുന്നു. പുള്ളാവൂര്‍ പുഴയില്‍ ഉയരും മുന്‍പ് അതിനേക്കാള്‍ പൊക്കത്തില്‍ ക്രിസ്റ്റ്യാനോയും മെസിയും നെയ്‌മറും ഇവിടെ തലയുയര്‍ത്തിയിരുന്നു.
ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി, ഇറ്റലി ടീമുകള്‍ക്കും ഇവിടെ ആരാധകരുണ്ട്. തികച്ചും കമ്മ്യൂണിസ്റ്റ് മനസുള്ള മണ്ണില്‍ പറങ്കിപ്പടയുടെയും ബ്രസീലിന്‍റെയും അര്‍ജന്‍റീനയുടെയും തോരണങ്ങള്‍ ചുവപ്പ് കൊടികള്‍ക്കും ഉയരെ പൊങ്ങിയിരിക്കുകയാണ്. കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് നില്‍ക്കുന്ന മെസിയുടെ കൂറ്റന്‍ കട്ടൗട്ട് അർജൻ്റീന ഫാൻസിൻ്റെ ഇൻസ്റ്റഗ്രാം ഒഫീഷ്യൽ പേജ് ഇതിനകം ഷെയർ ചെയ്തിട്ടുണ്ട്.
25000-30000 രൂപ ചെലവിലാണ് മൂന്ന് സൂപ്പര്‍താരങ്ങളുടെയും കട്ടൗട്ടുകള്‍ ഇവിടെയുയര്‍ത്തിയത്. കൂട്ടായ്‌മയുടെ ഒത്തുചേരലില്‍ ഒരൊറ്റ മനസായാണ് ചെലവിനുള്ള തുക സ്വരൂപിച്ചത്. കവലകളില്‍ ഉയരുന്ന കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പറയുന്ന അധികൃതരോട് ഇവര്‍ക്ക് കടുത്ത നീരസമുണ്ട്. നാട് ഒന്നാകെ ഫുട്‌ബോള്‍ ലഹരിയില്‍ ആറാടുമ്പോള്‍ കുഞ്ഞിമംഗലവും അതില്‍ ലയിച്ചുചേരുകയാണ്.