തിരുവനന്തപുരം: കുടുംബശ്രീയെ സേനയുടെ ഭാഗമാക്കാൻ കേരള പൊലീസ്. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി സ്ത്രീ കർമസേന എന്ന പേരിൽ പ്രത്യേക സംഘം രൂപീകരിക്കാനാണ് പദ്ധതി. സ്ത്രീ കർമസേനയിൽ അംഗങ്ങൾ ആകുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനവും യൂണിഫോമും നൽകും.
സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾ പോലെ
ഡിജിപി അനിൽ കാന്താണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. കുടുംബശ്രീ പ്രവർത്തകർക്ക് സമൂഹത്തിലുള്ള സ്വാധീനം പൊലീസിൻ്റെ പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുക, പൊലീസ് സ്റ്റേഷനുകൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതിയെന്നാണ് വിശദീകരണം.
ആഴ്‌ചയിൽ മൂന്നു ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ഉണ്ടാകുന്ന തരത്തിലാണ് പദ്ധതി തയാറാക്കുന്നത്. വിശദമായ രൂപരേഖ തയാറാക്കാനാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്.