തിരുവനന്തപുരം: ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനഘോഷത്തില്‍ സംസ്ഥാനത്തെ വീടുകളിലുയര്‍ത്താന്‍ കേരളത്തിന്‍റെ പെണ്‍ കൂട്ടായ്‌മയായ കുടുംബ ശ്രീ തയ്യാറാക്കുന്നത് 28 ലക്ഷം ദേശീയ പതാകകള്‍. കേരളത്തിലെ ഓരോ ജില്ലയിലും രണ്ട് ലക്ഷം പതാകകളാണ് പെണ്‍കരുത്തില്‍ രൂപമെടുക്കുന്നത്. 700 കുടുംബ ശ്രീ യൂണിറ്റുകളാണ് കേരളത്തിലുള്ളത് അതില്‍ പരീശീലനം ലഭിച്ച 2500 പേരാണിപ്പോള്‍ പതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കോട്ടണ്‍ പോളിയസ്റ്റര്‍ തുണികളിലായി പല വലിപ്പത്തിലാണ് സംഘം പതാകകള്‍ നിര്‍മിക്കുന്നത്. 90 സെന്‍റിമീറ്റര്‍ നീളത്തിലും 60 സെന്‍റിമീറ്റര്‍ വീതിയിലുമുള്ള പതാകകള്‍ക്കാണ് ആവശ്യക്കാരേറെ. ഇത്തരത്തില്‍ നിര്‍മിക്കുന്ന ഒരു പതാകയുടെ വില 30 രൂപയാണ്. എന്നാല്‍ ഇതേ വലിപ്പത്തില്‍ കോട്ടണ്‍ തുണിയില്‍ നിര്‍മിക്കുന്നവയാണെങ്കില്‍ അതിന് 40 രൂപയാവും വില.
25 സെന്‍റിമീറ്റര്‍ നീളത്തിലും 15 സെന്‍റിമീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന പതാകകള്‍ക്ക് 20 രൂപയാണ് വില. ഇത്തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് 23 ലക്ഷം പതാകകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച് നല്‍കും. ബാക്കി വരുന്നവയാകട്ടെ അയല്‍ക്കൂട്ടങ്ങള്‍ വഴി വിറ്റ് തീര്‍ക്കും.
തിരുവനന്തപുരം ജില്ലയില്‍ സിഡിഎസിന്‍റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ നഗരസഭയിലും പാറശ്ശാല പഞ്ചായത്തിലെ അപ്പാരല്‍ പാര്‍ക്കുകളിലുമാണ് നിര്‍മാണം നടക്കുന്നത്. ആറ്റിങ്ങള്‍ നന്മ, വിഘ്‌നേശ്വര കുടുംബ ശ്രീ യൂണിറ്റുകളും ദിവസങ്ങളായി പതാക നിര്‍മാണം തുടങ്ങിയിട്ട്. നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൃത്യമായ ഇടപെടലുമുണ്ട്.
സ്വാതന്ത്യദിനാഘോഷത്തിനായി പതാക നിര്‍മിക്കുന്നതിലൂടെ ആറര കോടിയില്‍ കുറയാത്ത വിറ്റ് വരവാണ് കുടുംബ ശ്രീ പ്രതീക്ഷിക്കുന്നത്. ഇതില്‍ രണ്ടു കോടിയോളം രൂപ തൊഴിലാളികള്‍ക്ക് വേതനമായി മാത്രം ലഭിക്കും. പതാക നിര്‍മാണത്തിലൂടെ വരുമാനത്തിന്‍റെ പുത്തന്‍ മാര്‍ഗങ്ങളിലേക്ക് വഴിതുറക്കുന്നതിനൊപ്പം ജനങ്ങളില്‍ ദേശീയ അവബോധം വളര്‍ത്തുക കൂടിയാണ് കുടുംബ ശ്രീ ചെയ്യുന്നത്.
also read:ദേശീയപതാക ഇനി പോളിസ്റ്ററിലും നിര്‍മിക്കാം; ആശങ്കയില്‍ ഖാദി മേഖല