തിരുവനന്തപുരം: കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത് സിപിഎം നിർദേശത്തെ തുടർന്ന്. ബന്ധുനിയമന കേസിൽ ലോകായുക്ത വിധി വന്നതിനുപിന്നാലെ കെ ടി ജലീലിന് രാജിക്കായി സമ്മർദ്ദം ശക്തമായിരുന്നു. സിപിഎമ്മിനുള്ളിൽ തന്നെ രാജി എന്ന നിർദേശം ഉയർന്നിരുന്നു. ശനിയാഴ്ച ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തില്‍ ലോകായുക്ത വിധി സംബന്ധിച്ച് വിശദമായ ചർച്ചയും നടന്നു.
സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രാജി ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നില്ല. നിയമവശങ്ങൾ മുഴുവൻ പരിശോധിച്ചശേഷം നടപടി എന്നായിരുന്നു മറുപടി. രാജി ആവശ്യമില്ലെന്ന നിയമ മന്ത്രി എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരണവുമായെത്തുകയും ചെയ്തു.
നേരത്തെ ഇ പി ജയരാജനെതിരെ ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ ഇ.പി ജയരാജന് രാജിവയ്ക്കേണ്ടിവന്നിരുന്നു. കെ ടി ജലീൽ വിഷയത്തിലും ഇതേ നിലപാട് മതിയെന്നായിരുന്നു സിപിഎമ്മിനുള്ളിലെ ഒരു വിഭാഗത്തിന്‍റെ വാദം. രാജി ഒഴിവാക്കുന്നതിന് അവസാനഘട്ടം വരെ ജലീൽ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആദ്യഘട്ടത്തിൽ ജലീലിന് പിന്തുണ നൽകിയെങ്കിലും പാർട്ടിക്കുള്ളിലെ ശക്തമായ വികാരം ഒടുവിൽ അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും ചെയ്തു. വിവാദത്തിലേക്ക് സിപിഎമ്മിനെ കൂടി വലിച്ചിഴക്കുന്നത് ഒഴിവാക്കാനാണ് രാജി നിർദേശം സിപിഎം മുന്നോട്ടുവച്ചത്. ലോകായുക്ത വിധിക്കെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് നാടകീയ രാജി.