തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും പ്രതിക്കൂട്ടിലാക്കി സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെതിരെ പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസില്‍ പരാതി നല്‍കി. എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയ്‌ക്ക് മുന്‍പാകെയാണ് പരാതി നല്‍കിയത്.
'ലോകമാകെ ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തില്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ നടത്തുന്ന പരിശ്രമത്തിന്‍റെ ഭാഗമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളെന്ന്' പരാതി നല്‍കിയ ശേഷം ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് ഏറ്റുപിടിക്കുന്ന യു.ഡി.എഫിന് ദുഃഖിക്കേണ്ടി വരും. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി - കോണ്‍ഗ്രസ് - ലീഗ് കൂട്ടുകെട്ടാണ്.
ALSO READ| ഇനിയും ഏറെ വെളിപ്പെടുത്താനുണ്ട്, ആരോപണങ്ങളില്‍ ഉറച്ച് സ്വപ്ന സുരേഷ്
മൂന്ന് കേന്ദ്ര ഏജന്‍സികള്‍ തിരിച്ചും മറിച്ചും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനാകാത്ത കേസില്‍ ഇതില്‍ കൂടുതലൊന്നും ഇനി കണ്ടെത്താനാകില്ല. അത്ര ആത്മവിശ്വാസത്തോടെയാണ് എല്‍.ഡി.എഫ് ഇക്കാര്യം പറയുന്നത്. ഇത്തരം ഗൂഡാലോചനയ്‌ക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും കൂട്ടുനില്‍ക്കരുതെന്നും' കെ.ടി ജലീല്‍ പറഞ്ഞു. മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഇവര്‍ ഉന്നയിച്ചിട്ട് എന്തുണ്ടായെന്നും അദ്ദേഹം ചോദിച്ചു.