തിരുവനന്തപുരം : തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷത്തിനിടെ കെ.എസ്.യു വനിതാനേതാവിന് എസ്.എഫ്.ഐക്കാരുടെ ക്രൂരമര്‍ദനം. കെ.എസ്.യു വനിതാനേതാവും യൂണിറ്റ് പ്രസിഡന്‍റുമായ സഫ്‌നയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടുറോഡിലൂടെ വലിച്ചിഴച്ചു.
ചെവ്വാഴ്ച(15.03.2022) രാത്രി 8 മണിയോടെയായിയുന്നു സംഭവം. പരിക്കേറ്റ സഫ്‌നയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന ആരോപണം ഉയര്‍ന്നതിനുപിന്നാലെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇന്ന് കേസെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ പൊലീസ് സഫ്‌നയുടെ മൊഴി രേഖപ്പെടുത്തി. സഫ്‌നയ്ക്ക് പുറമേ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിന്‍തമ്പി, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അനന്ദു എന്നിവര്‍ക്കും മര്‍ദനമേറ്റു. സഫ്‌നയെ നടുറോഡിലിട്ട് എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ച ശേഷം വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എസ്.എഫ്.ഐ പ്രതിരോധത്തിലായി.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കെ.എസ്.യു നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത് എന്നിവര്‍ സന്ദര്‍ശിച്ചു. കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന്‍റെ ഭാഗമായ നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.