തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലായിരുന്നു പ്രഖ്യാപനം. അമൽ ചന്ദ്രനെ യൂണിറ്റ് പ്രസിഡന്‍റായും ആര്യ എസ് നായരെ വൈസ് പ്രസിഡന്‍റായും തീരുമാനിച്ചു. ഏഴംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. 20 വർഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുന്നത്.
കെഎസ്‌യു പ്രവർത്തകർ കോളജിനുള്ളിൽ പ്രവേശിച്ച് പ്രിൻസിപ്പാളിനെ കണ്ടു. അതേസമയം വിദ്യാർഥികളായ കെഎസ്‌യു പ്രവർത്തകർക്ക് കൊടി മാറ്റിയ ശേഷം കോളജിൽ പ്രവേശിക്കാൻ പൊലീസ് അനുമതി നൽകി. കോളജിൽ കൊടിമരം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള തീരുമാനം പിന്നിട് ഉണ്ടാകുമെന്നും വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും യൂണിറ്റ് പ്രസിഡന്‍റ് അമൽ ചന്ദ്ര പറഞ്ഞു.