തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. ജില്ല ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കുണ്ട് (KSU State Wide Education Strike Today).
ഇന്നലെ (06.11.23) നടന്ന മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകയായ നസിയ, അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തലസ്ഥാനത്ത് ഇന്നും കെഎസ്‌യു മാര്‍ച്ച് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേരള വര്‍മ്മ കോളജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഇടപെട്ടെന്നാരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ വഴുതക്കാട്ടെ വസതിയിലേക്കായിരുന്നു കെഎസ്‌യു മാര്‍ച്ച് നടത്തിയത്.
കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്‍റെ ലാത്തി വീശലും ജലപീരങ്കിയും മണിക്കൂറുകളോളം നഗരത്തെ കലാപ ഭൂമിയാക്കി. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ സാനഡുവിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പതിവുപോലെ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമമായി. ഇതിനിടെ പൊലീസുമായി ഉന്തും തള്ളും ജലപരങ്കി പ്രയോഗവും അരങ്ങേറി. പൊലീസുമായുള്ള ഉന്തിലും തള്ളിനുമിടെ നസിയ എന്ന വനിത പ്രവര്‍ത്തകയ്ക്ക് മുഖത്ത് ലാത്തിയടിയേറ്റു. പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ അഭിജിത് എന്ന പ്രവര്‍ത്തകന്‍റെ തലയ്ക്കും ലാത്തിയടിയേറ്റു. മുഖത്തു നിന്നും തലയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ ഏറെ നേരം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സംഘര്‍ഷത്തിന് അല്‍പം അയവ് വന്നതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിരിഞ്ഞുപോയ പ്രവര്‍ത്തകരെ പൊലീസ് പിന്നാലെയെത്തി കസ്‌റ്റഡിയിലെടുത്തു എന്നാരോപിച്ച് പ്രവര്‍ത്തകര്‍ സംഘടിച്ച് പാളയത്തെത്തി റോഡ് ഉപരോധിച്ചു. ഇതിനിടെ ഒരു പ്രവര്‍ത്തകനെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തു.
ഇതിനിടെ മ്യൂസിയം എസ്ഐയുടെയും കന്‍റോണ്‍മെന്‍റ് സിഐയുടെയും നേതൃത്വത്തില്‍ പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. ഇതോടെ സംഘര്‍ഷം കനത്തു. റോഡരുകില്‍ സ്ഥാപിച്ചിരുന്നു കേരളീയത്തിന്‍റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.
സംഭവമറിഞ്ഞ് എം.വിന്‍സെന്‍റ് എംഎല്‍എയും ഡിസിസി ഭാരവാഹികളും സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെ അതുവഴി കടന്നുപോകുകയായിരുന്ന ജെ. ചിത്തരഞ്ജന്‍ എംഎല്‍എയുടെയും മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെയും വാഹനം സമരക്കാര്‍ തടഞ്ഞു. എന്നാല്‍ പൊലീസ് ഇടപെട്ട് ഇവരെ കടത്തിവിട്ടു.പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.
മന്ത്രിമാരുടെ ഗൂഡാലോചന: കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിലെ അട്ടിമറിക്ക് പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. 30000 രൂപയുടെ കണ്ണടവച്ചിട്ടും ആർ ബിന്ദുവിന് ജനാധിപത്യ കാഴ്‌ചയില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എംജെ യദുകൃഷ്‌ണൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു (KSU Press Meet About Kerala Varma College Election).